കോട്ടയം: നല്ല ഒരു ട്രാക്കോ സ്റ്റേഡിയമോ ഇല്ലാത്ത ജില്ലയില്‍ നിന്ന് എങ്ങനെ കായികതാരങ്ങള്‍ വളരും? സ്കൂള്‍ കായികമേള ഇന്നു കാഞ്ഞിരപ്പള്ളിയില്‍ ആരംഭിക്കാനിരിക്കെ ഉയരുന്നത് ജില്ലയിലെ കായികരംഗത്തെ ശോച്യാവസ്ഥ.
സംസ്ഥാന മേളകള്‍ നടത്തിയിരുന്ന പാലായിലെ സിന്തറ്റിക് ട്രാക്കോടു കൂടിയ സ്റ്റേഡിയം നവീകരണത്തിന്റെ പേരില്‍ അടച്ചിട്ട് മാസങ്ങളായി. അവശേഷിക്കുന്നവയെല്ലാം മണ്ട്രാക്കോടു കൂടിയ മൈതാനങ്ങള്‍ മാത്രം. ഏറെ സംസ്ഥാന മത്സരങ്ങള്‍ക്കും റെക്കോര്‍ഡുകള്‍ക്കും സാക്ഷ്യം വഹിച്ച നെഹ്റു സ്റ്റേഡിയം ഇന്ന് അവഗണനയുടെ ഭാരം ചുമന്ന് തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. പരിചരണക്കുറവും വര്‍ഷങ്ങളായുള്ള നഗരസഭയുടെ അനാസ്ഥയമാണ് സ്റ്റേഡിയത്തെ നശിപ്പിച്ചത്. 1972ല്‍ നിര്‍മിച്ച സ്റ്റേഡിയത്തിന്റെ് ഗ്യാലറികളും പവലിയനും അപകടാവസ്ഥയിലായി. 1991ല്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ ഇടിഞ്ഞ് വീഴാന്‍ തുടങ്ങിയതോടെ സേ്റ്റഡിയം പരിസരം പോലും സുരക്ഷിതമല്ലാത്ത സാഹചര്യമാണ്. ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയമാക്കി മാറ്റുമെന്ന പ്രഖ്യാപനങ്ങള്‍ അല്ലാതെ ഒന്നും നടക്കുന്നതേയില്ല.
ആളൊപ്പം കാടുകയറി, പ്രതിഷേധം ശക്തമാകുമ്പോള്‍ പുല്ലു വെട്ടി കളയുന്നതും വാണിജ്യ പരിപാടികള്‍ക്കു വാടകയ്ക്കു നല്‍കുന്നതും മാത്രമാണ് നടത്തിപ്പുകാരായ നഗരസഭ ചെയ്യുന്നതെന്നും പരാതിയുണ്ട്.
ജില്ലയുടെ കായിക മുഖമായി മാറിയ പാലാ നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് പരിപാലനത്തിലെ പോരായ്മ മൂലം നശിക്കുകയായിരുന്നു.
നാളുകള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ആറു കോടിയോളം രൂപ ചെലവഴിച്ചുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
പത്തുവര്‍ഷം മുമ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മന്ത്രിയായിരുന്നപ്പോള്‍ പ്രഖ്യാപിച്ച ചിങ്ങവനത്തെ കായിക സമുച്ചയത്തില്‍ സിന്തറ്റിക് ട്രാക്കോടു കൂടിയ സ്റ്റേഡിയം വിഭാവനം ചെയ്തിരുന്നുവെങ്കിലും കല്ലിട്ടതല്ലാതെ തുടര്‍ നടപടികള്‍ ഒന്നുമുണ്ടായില്ല. വര്‍ഷങ്ങളായി പറഞ്ഞു കേള്‍ക്കുന്ന കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്കൂളിലെ സ്പോര്‍ട്സ് സ്കൂള്‍ നിര്‍മാണവും എങ്ങുമെത്തിയിട്ടില്ല. കിഫ്ബിയില്‍ നിന്ന് 27.70 കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന സ്റ്റേഡിയത്തില്‍ 200 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് ഉള്‍പ്പെടെയാണു വിഭാവനം ചെയ്യുന്നത്.






