കുമരകം: 123-ാമത് ശ്രീ നാരായണ ജയന്തി മത്സരവള്ളംകളിയില്‍ മൂന്നുതൈയ്ക്കൻ വള്ളത്തിന് ശ്രീനാരായണ ട്രോഫി.
വാശിയേറിയ ഇരുട്ടുകുത്തി വള്ളങ്ങളുടെ ഫൈനലില്‍ കുമരകം ബോട്ട് ക്ലബിന്റെ ലാല്‍ ശങ്കർ ക്യാപ്ടനായ മൂന്നുതൈയ്ക്കൻ വള്ളം ഇഞ്ചുകളുടെ വ്യത്യാസത്തില്‍ നെയ്ഹ അർജുൻ ക്യാപ്ടനായ കവണാർ സിറ്റി ടീമീന്റെ തുരുത്തിത്തറ വള്ളത്തെ പരാജയപ്പെടുത്തിയാണ് ശ്രീനാരായണ ജയന്തി എവറോളിംഗ് ട്രോഫി നേടിയത്.
ഇരുട്ടുകുത്തി രണ്ടാംതരം വള്ളങ്ങളുടെ ഫൈനലില്‍ ഡെന്നി സൈമണ്‍ ക്യാപ്ടനായ ടീം വാരിയേഴ്സ് ബോട്ട് ക്ലബിന്റെ വെണ്ണക്കലമ്മ വിജയിച്ചു. പ്രദീഷ് പി കൊല്ലാട് ക്യാപ്ടനായ പിബിസി കുമരകം തുഴഞ്ഞ ശ്രീമുത്തപ്പൻ രണ്ടാം സ്ഥാനം നേടി. വെപ്പ് ഒന്നാംതരം ഫൈനലില്‍ പ്രിൻസ് സ്കറിയാ ക്യാപ്ടനായ ശ്രീനാരായണ സ്പോർട്ട്സ് ക്ലബിന്റെ പട്ടേരിപുരയ്ക്കല്‍ വിജയിച്ചു. വെപ്പ് രണ്ടാം തരം മത്സരത്തില്‍ കവണാർ സിറ്റി ടീമിന്റെ സക്കീർ ഹുസൈൻ ക്യാപ്ടനായ പിജി കരിപ്പുഴ വിജയം നേടി, ടീം റ്റിബിസി തിരുവാർപ്പിന്റെ അംബു വി.ആർ ക്യാപ്ടനായ ചാമ്പ്യൻ വള്ളം രണ്ടാം സ്ഥാനം നേടി.
ചുരുളൻ മൂന്നാംതരം വിഭാഗത്തില്‍ എറോൻ ഷിബിത്ത് മാത്യു ക്യാപ്ടനായ കാശി ബ്രദേഴ്സ് പുലിക്കുട്ടിശ്ശേരി തുഴഞ്ഞ കാശി വള്ളം വിജയിച്ചു. മണ്ണേയ്ക്കല് ബോട്ട് ക്ലബിന്റെ കാർത്തിക് ക്യാപ്ടനായ കർണ്ണൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇരുട്ടുകുത്തി മൂന്നാംതരം വള്ളങ്ങളുടെ ഫൈനലില്‍ അറുപുറ ബോട്ട് ക്ലബിന്റെ ബിബിഷൻ സി.കെ ക്യാപ്ടനായ ഹനുമാൻ - 2 വിജയിച്ചു. മന്ത്രി മോൻസ് ജോസഫ് മത്സരവള്ളം ഉദ്ഘാടനം ചെയ്തു.






