തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയുടെ വേദി കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയ സംഭവത്തില്‍ വിശദീകരണവുമായി കായിക മന്ത്രി ഒ.ജെ. ജനീഷ് .
കണ്ണൂരില്‍ ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് മേള കോഴിക്കോട്ടേക്ക് മാറ്റിയതെന്നും, കോഴിക്കോട്ട് കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ളതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.
കണ്ണൂർ ജില്ലയെ ബോധപൂർവ്വം ഒഴിവാക്കിയതാണെന്ന ആരോപണം അദ്ദേഹം തള്ളി. ഒരു സർക്കാർ എടുത്ത തീരുമാനം മറ്റൊരു സർക്കാർ മാറ്റാൻ പാടില്ല എന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, കായികമേളയുടെ വേദി മാറ്റിയത് അറിഞ്ഞില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ പ്രതികരണം. കണ്ണൂരിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും, പരാതികള്‍ ഉണ്ടെങ്കില്‍ അടുത്ത തവണത്തെ സംസ്ഥാന സ്കൂള്‍ കായികമേള കണ്ണൂരില്‍ നടത്തുന്ന കാര്യം പരിഗണിക്കാമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.






