ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പുകള്‍ "ബിലോങ്ങിംഗ് എ ജേർണി ഓഫ് ലവ്' ഇന്ത്യയില്‍ ഹാർപ്പർ കോളിൻസ് പുറത്തിറക്കും. നവംബർ 10 ന് പുസ്തകം പുറത്തിറങ്ങുമെന്ന് ഹാർപ്പർ കോളിൻസ് അറിയിച്ചു. ഇന്ത്യയുടെ യാത്രയെ കുറിച്ചുള്ള അപൂർവ്വമായൊരു അകക്കാഴ്ചയും പുസ്തകം നല്‍കുമെന്ന് പ്രസാധകർ വ്യക്തമാക്കി. നേരത്തെ പെൻഗ്വിൻ ഹൗസ് പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പിന്മാറിയത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
ചില ഭാഗങ്ങള്‍ മാറ്റാൻ സോണിയ ഗാന്ധി വിസമ്മതിച്ച സാഹചര്യത്തിലാണ് പെൻഗ്വിൻ ഹൗസ് പിന്മാറിയത് എന്നായിരുന്നു റിപ്പോർട്ട്. എന്നാല്‍ സോണിയ ഗാന്ധിയുമായി പുസ്തകത്തിലെ വസ്തുതകളെക്കുറിച്ച് സംസാരിച്ചെന്ന് സ്ഥിരീകരിച്ച പെൻഗ്വിൻ പ്രസിദ്ധീകരണം ഏറ്റെടുക്കാത്തതിന് പിന്നിലെ കാരണം ഇതല്ല എന്നായിരുന്നു വിശദീകരിച്ചത്. ബിലോങ്ങിംഗ് എ ജേണി ഓഫ് ലൗ എന്ന പേരില്‍ സോണിയ ഗാന്ധി എഴുതുന്ന പുസ്തകം ഇതിനകം വലിയ ചർച്ചയായി മാറിയിരുന്നു. തന്റെ ജീവിതലത്തിലെ പല നിർണായക സംഭവങ്ങളും സോണിയ ഗാന്ധി ഇതില്‍ കുറിച്ചിട്ടുണ്ട് എന്നാണ് സൂചന. പുസ്തകത്തിലെ ഒരു ഭാഗത്ത് പ്രസാധകരായ പെൻഗ്വിൻ മാറ്റങ്ങള്‍ നിർദ്ദേശിച്ചെങ്കിലും സോണിയ ഗാന്ധി ഇത് അംഗീകരിച്ചില്ലെന്ന് റിപ്പോർട്ടുകള്‍ പുറത്തുവന്നതും വലിയ ചർച്ചയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആർഎസ്എസിനെയും കുറിച്ചുള്ള ചില ഭാഗങ്ങള്‍ നീക്കാനാണ് പെൻഗ്വിൻ ഹൗസ് പ്രസാധകർ ആവശ്യപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗലോട്ട് അടക്കം ആരോപിച്ചിരുന്നു. ചൈനയുടെ കടന്നുകയറ്റത്തെ കുറിച്ചുള്ള ഭാഗങ്ങള്‍ നീക്കം ചെയ്യാൻ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു എന്നും അശോക് ഗലോട്ട് വ്യക്തമാക്കിയിരുന്നു. 2015 ല്‍ സോണിയ ഗാന്ധിയും മൻമോഹൻ സിംഗും ചേർന്ന് നരേന്ദ്ര മോദിയെ കണ്ടതിനെക്കുറിച്ചുള്ള ഭാഗത്തും മാറ്റം വരുത്തണമെന്ന് പ്രസാധകർ ആവശ്യപ്പെട്ടു എന്നടക്കം പ്രചാരണം ഉണ്ടെങ്കിലും കോണ്‍ഗ്രസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സോണിയ ഗാന്ധിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വിഷയത്തില്‍ പിന്നീട് പ്രതികരിക്കാം എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം അമേരിക്കൻ ആസ്ഥാനമായുള്ള, പെൻഗ്വിന്റെ സഹസ്ഥാപനം ആല്‍ഫ്രഡ് എ നോഫ് ആണ് അന്താരാഷ്ട്ര തലത്തില്‍ സോണിയയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.






