കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ കോളിളക്കമുണ്ടാക്കിയ അരിയില്‍ ഷുക്കൂർ വധക്കേസില്‍ ഇന്ന് കൊച്ചിയിലെ സിബിഐ കോടതി വിധി പറയും.
കണ്ണൂർ അരിയിലെ എംഎസ്എഫ് പ്രവർത്തകനായ 23 വയസുകാരനായ ഷുക്കൂറിനെ മണിക്കൂറുകളോളം തടങ്കലില്‍ വെച്ചും ഫോട്ടോ എടുത്ത് ഉറപ്പാക്കിയും പാർട്ടി കോടതി വിധി നടപ്പാക്കി എന്ന പേരില്‍ സിപിഎമ്മിനെ പ്രതികൂട്ടില്‍ നിർത്തിയ കേസിലാണ് ഉത്തരവ് വരുന്നത്. സിപിഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷും അടക്കം 31 പ്രതികള്‍ക്കുള്ള വിധിയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്.
കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ വാഹനവ്യൂഹം തടഞ്ഞ് നിർത്തി ആക്രമിച്ചു എന്ന് ആരോപിച്ച് കണ്ണൂർ അരിയിലെ എംഎസ്എഫ് പ്രവർത്തകൻ അബ്ദുല്‍ ഷുക്കൂറിനെ പരസ്യവിചാരണ ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. 2012 ഫെബ്രുവരി 12നാണ് തളിപ്പറമ്പിലെ ചുള്ളിയോട് വയലില്‍വെച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയത്. പി ജയരാജനും, അന്ന് എംഎല്‍എയായിരുന്ന ടി വി രാജേഷുമടക്കമുള്ളവരുടെ കാർ തടഞ്ഞുനിർത്തി മുസ്ലീംലീംഗ് പ്രവർത്തകർ ആക്രമിച്ചെന്നതിന് പ്രതികാരമായിട്ടായിരുന്നു കൊടും ക്രൂരത. ഷുക്കൂർ അടക്കമുള്ള മുസ്ലീം ലീഗ് പ്രവർത്തരെ പിന്നീട് സിപിഎമ്മുമാർ പിടിച്ചുനിർത്തി, അവരുടെ ചിത്രം എസ്എംഎസ് വഴി അയച്ചുനല്‍കി. അവർ തന്നെയെന്ന് ഉറപ്പിച്ച ശേഷം ഷൂക്കൂർ, സക്കറിയ അയുബ് എന്നിവരെ ആക്രമിച്ചു. സംഭവസ്ഥലത്ത് വച്ച് തന്നെ ഷുക്കൂർ മരിച്ചു.
33 പ്രതികളുള്ള കേസില്‍ രണ്ട് പേര് മരണപ്പെട്ടതിനെത്തുടർന്ന് ബാക്കിയുള്ള 31 പേരാണ് വിചാരണ നേരിട്ടത്. തളിപ്പറമ്പിലെ ഡിവൈെഫ് പ്രവർത്തകരായ കെ വി സുമേഷ്, ഗണേഷൻ പി എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. സി എൻ മോഹനൻ 11-ാം പ്രതിയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ന്റെ മകൻ ശ്യാംജിത്തും കേസില്‍ പ്രതിയാണ്. കേസിലെ 32-ാം പ്രതിയാണ് പി.ജയരാജൻ, 33 -ാം പ്രതി ടി വി രാജേഷ്. ഇരുവർക്കുമെതിരെയുള്ളത് ഗൂഢാലോചന കുറ്റം. പി ജയരാജനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അവിടെ വെച്ചായിരുന്നു ഗൂഢാലോചന നടന്നതെന്നാണ് സിബിഐ കണ്ടെത്തല്‍. എന്നാല്‍ ഗൂഢാലോചനയില്‍ ഇവരുടെ പങ്ക് തെളിയിക്കാനുള്ള പ്രധാന സാക്ഷികള്‍ കേസില്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കിയിരുന്നില്ല.






