റിയാദ്: സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് റിയാദ്, ജിദ്ദ നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകള്‍ ആകാശ എയർ താല്‍ക്കാലികമായി റദ്ദാക്കി.
യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് കമ്പനി പ്രഥമ പരിഗണന നല്‍കുന്നതെന്നും, മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കമ്പനി അധികൃതർ ഔദ്യോഗികമായി വ്യക്തമാക്കി.
പുതിയ പ്രഖ്യാപനമനുസരിച്ച് ജിദ്ദയിലേക്കുള്ള സർവീസുകള്‍ നവംബർ 10 വരെയും റിയാദിലേക്കുള്ള സർവീസുകള്‍ നവംബർ 30 വരെയുമാണ് റദ്ദാക്കിയിട്ടുള്ളത്.
സർവീസുകള്‍ പെട്ടെന്ന് നിർത്തിവെച്ചതിനെത്തുടർന്ന് യാത്ര മുടങ്ങിയ യാത്രക്കാർക്കായി പ്രത്യേക ഇളവുകളും സൗകര്യങ്ങളും ആകാശ എയർ ഏർപ്പെടുത്തിയിട്ടുണ്ട്.
ടിക്കറ്റ് ക്യാൻസല്‍ ചെയ്യുന്നവർക്ക് ടിക്കറ്റ് തുക പൂർണ്ണമായി തിരികെ നല്‍കും. ഈ തുക ഏഴ് ദിവസത്തിനുള്ളില്‍ത്തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് തിരികെ ലഭിക്കുന്നതായിരിക്കും.






