കടുത്തുരുത്തി: ശബരിമല തീർത്ഥാടനത്തിന് ഒരുക്കമായി. കടുത്തുരുത്തി തളിയിൽ മഹാദേവ ക്ഷേത്രത്തിലും ടൗണിലും വിപുലമായ സൗകര്യങ്ങൽ ക്രമീകരിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനമായി.
വിലക്കയറ്റം തടയാൻ ഹോട്ടലുകളിൽ വിലവിവരപ്പട്ടിക നിർബന്ധമാക്കും. കുടിവെള്ളവും വെളിച്ചവും ഗതാഗത നിയന്ത്രണവും ഉറപ്പാക്കുമെന്ന് മന്ത്രി മോൻസ് ജോസഫ്. ശബരിമല തീർത്ഥാടകരുടെ സന്ദർശന കേന്ദ്രമായ കടുത്തുരുത്തി തളിയിൽ ക്ഷേത്രത്തെ ശബരിമല ഇടത്താവളമായി പ്രഖ്യാപിക്കുന്നതിനു നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
തളിയിൽ ക്ഷേത്രത്തിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ സൗകര്യങ്ങൾ വിലയിരുത്തുന്നതിനും കൂടുതൽ സൗകര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനുമായി വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് മേധാവികളുടെയും ക്ഷേത്രോപദേശക സമിതിയുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തളിയിൽ മഹാദേവ ക്ഷേത്രത്തിന്റെ വികസന കാര്യങ്ങൾക്കായി ദേവസ്വം മന്ത്രി കൂടി പങ്കെടുക്കുന്ന യോഗം തിരുവനന്തപുരത്ത് വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് റോയി ജോർജ് അധ്യക്ഷത വഹിച്ചു. ശബരിമല തീർത്ഥാടനകാലത്ത് ടൗണിൽ തിരക്ക് വർധിച്ചാൽ ആവശ്യമെങ്കിൽ വൺവേ സംവിധാനം നടപ്പാക്കും. ബ്ലോക്ക് ജംഗ്ഷനിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും മുന്നറിയിപ്പും സ്വീകരിക്കും. കുടിവെള്ള വിതരണം മുടങ്ങാതിരിക്കാൻ ജലഅതോറിറ്റി നടപടി സ്വീകരിക്കും.
ക്ഷേത്ര റോഡിൽ ഗതാഗത തടസം സൃഷ്ടിച്ച് പോലിസ് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ നീക്കാൻ നടപടി സ്വീകരിക്കും. മണ്ഡലകാലത്ത് പോലിസിന്റെയും എക്സൈസിന്റെയും നിരീക്ഷണം ഉണ്ടാകും. രണ്ട് സ്പെഷ്യൽ പോലിസിനെ ക്ഷേത്രത്തിനു സമീപം നിയമിക്കും. ക്ഷേത്ര റോഡിൽ പാർക്കിംഗ് നിരോധിക്കും.
സിവിൽ സ്റ്റേഷൻ കെട്ടിടത്തിന് അടിയിൽ ഇരുചക്ര വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ കൗണ്ടർ സജ്ജീകരിക്കും. കോട്ടയം-എറണാകുളം റോഡിൽ റോഡ് കൈയേറി നടത്തുന്നതും ഇപ്പോൾ തുറന്നു പ്രവർത്തിക്കാത്തതുമായ പെട്ടിക്കടകൾ നീക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. പോലിസ് ക്വാർട്ടേഴ്സ് പരിസരത്തു നിന്നും റോഡിലേക്കു ചാഞ്ഞു നിൽക്കുന്ന മരങ്ങൾ വെട്ടി നീക്കണമെന്നു ക്ഷേത്രം ഭാരവാഹികൾ ആവശ്യപ്പെട്ടു. റോഡുകളിൽ ദിശാ ബോർഡുകളും സിഗ്നൽ സംവിധാനങ്ങളും സ്ഥാപിക്കണമെന്നും ഇതര സംസ്ഥാനക്കാരായ തീർത്ഥാടകർക്ക് വഴിതെറ്റാതെ സഞ്ചരിക്കാനുള്ള മാർഗം ഒരുക്കണമെന്നും ആവശ്യം ഉയർന്നു. അഗ്നിരക്ഷാ സേനയുടെ സേവനം എല്ലാ സമയത്തും ഉറപ്പാക്കും. തളിയിൽ മഹാദേവ ക്ഷേത്രം ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി.ആർ. ശ്രീകുമാർ തെക്കേടത്ത്, വൈസ് പ്രസിഡന്റ് എം.കെ. സാംബജി, സെക്രട്ടറി ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, ജില്ലാ പഞ്ചായത്തംഗം ആൻമരിയ ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ഇന്ദുചൂഡൻ, ടി.സി. വിനോദ്, നോബി മുണ്ടയ്ക്കൻ, ടോമി പ്രാലടി, പാലാ ആർഡിഒ ഷാഹിന രാമകൃഷ്ണൻ, വൈക്കം ഡിവൈഎസ്പി കെ.എൻ. രാജേഷ്, പ്രമോദ് കടന്തേരി, വിവിധ വകുപ്പ് മേധാവികൾ, ഭക്തജനങ്ങൾ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.





