കൊച്ചി: ശബരിമലദർശനം പോലീസ് തടഞ്ഞുവെന്നാരോപിച്ച് ട്രാൻസ്ജെൻഡർ യുവതി നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും
തിരുവിതാംകൂർ ദേവസ്വം ബോർഡിെന്റയും വിശദീകരണം തേടി. തമിഴ്നാട് സ്വദേശി 48 കാരിയായ സത്യശ്രീ ശർമ്മിള റഹ്മത്തലിയാണ് കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിക്കാതെ കോടതി നോട്ടീസിന് നിർദേശിച്ചു.
വിശ്വാസിയായ താൻ വ്രതമെടുത്ത് പമ്പയിലെത്തിയെങ്കിലും ട്രാൻസ്ജെൻഡർ ആണെന്ന കാരണത്താൽ പോലീസ് തടഞ്ഞെന്നാണ് ആരോപിക്കുന്നത്.
കഴിഞ്ഞ 20-ന് പമ്പാ ഗണപതി കോവിലിന് സമീപത്തുവെച്ചാണ് സത്യശ്രീയെ തടഞ്ഞത്. ട്രാൻസ്ജെൻഡറുകളെ മലകയറാൻ അനുവദിക്കരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദേശമുണ്ടെന്ന് പറഞ്ഞായിരുന്നു ഇത്.
മുന്പും താൻ ശബരിമല ദർശനം നടത്തിയിട്ടുണ്ടെന്നും ഇത്തവണത്തെ തടയൽ വിവേചനപരമാണെന്നും ഹർജിയിൽ ആരോപിച്ചു.
തമിഴ്നാട്ടിൽനിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ട് മടക്കി അയയ്ക്കുകയായിരുന്നു. ഇരുമുടിക്കെട്ട് ബലമായി വാങ്ങിയെന്നും ഇത് വലിയ മാനസിക വിഷമമുണ്ടാക്കിയെന്നും സത്യശ്രീ പറയുന്നു.






