കോട്ടയം: റബ്ബർ ബോർഡിന്റെ ഔദ്യോഗിക ത്രൈമാസ ഇംഗ്ലീഷ് മാസികയായ 'റബ്ബർ ടോപ്പിക്കൽ' ഡോ. കെ.എൻ. രാഘവൻ ഐ.ആർ.എസ്. (റിട്ട.) പ്രകാശനം ചെയ്തു. റബ്ബർ ബോർഡിന്റെ കേന്ദ്ര ഓഫീസിൽ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം.
പ്രകൃതിദത്ത റബ്ബർ മേഖലയിലെ വികസനങ്ങൾ, ഗവേഷണ പുരോഗതികൾ, നൂതനാശയങ്ങൾ, നേട്ടങ്ങൾ എന്നിവ റബ്ബർ മേഖലയുമായി ബന്ധപ്പെട്ടവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാസിക പ്രസിദ്ധീകരിക്കുന്നത്. നയരൂപകർത്താക്കൾ, ഗവേഷകർ, വ്യവസായ പ്രതിനിധികൾ, കയറ്റുമതിക്കാർ, അന്താരാഷ്ട്ര ഏജൻസികൾ എന്നിവരെ ലക്ഷ്യമിട്ടുള്ള ഇംഗ്ലീഷ് പ്രസിദ്ധീകരണമാണിത്.
മാസിക പ്രകാശനം ചെയ്ത് സംസാരിച്ച ഡോ. കെ.എൻ. രാഘവൻ, ആഗോള റബ്ബർ മേഖലയെ അഭിസംബോധന ചെയ്യാൻ ഇംഗ്ലീഷ് ഭാഷയിലുള്ള ഒരു പ്രസിദ്ധീകരണം അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടു. റബ്ബർ മേഖലയിലെ സംഭവവികാസങ്ങൾ രേഖപ്പെടുത്തുകയും അവ ലോകത്തിന് മുന്നിലെത്തിക്കുകയും ചെയ്യുന്നതിൽ 'റബ്ബർ ടോപ്പിക്കൽ' നിർണായക പങ്കുവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ അധ്യക്ഷത വഹിച്ച റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി, ബോർഡിന്റെ പ്രവർത്തനങ്ങളിൽ സുപ്രധാന നാഴികക്കല്ലാണ് 'റബ്ബർ ടോപ്പിക്കൽ' എന്ന് പറഞ്ഞു. റബ്ബർ മേഖലയിലെ പ്രവർത്തനങ്ങളും സംരംഭങ്ങളും കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ മാസിക സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം. വസന്തഗേശൻ ഐ.ആർ.എസ്. റബ്ബർ മേഖലയിലെ സംഭവവികാസങ്ങൾ രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ ഡോ. സിജു ടി. മുഖ്യപ്രഭാഷണം നടത്തി. എം.ജി. സതീഷ്ചന്ദ്രൻ നായർ, ബി. ശ്രീകുമാർ, ബെന്നി കെ.കെ. എന്നിവർ ചടങ്ങിൽ സംസാരിച്ചു.






