അതിരമ്പുഴ : അതിരമ്പുഴ മുണ്ടുവേലിപ്പടി-വേദഗിരി റോഡിൽ വർഷങ്ങളായി കുഴികളാണ്. റോഡ് തകർന്നിട്ട് വർഷങ്ങളായെങ്കിലും ഇതുവരെയും നടപടിയുണ്ടാകുന്നില്ല. ഈ റോഡ് പ്രധാനമന്ത്രി സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഫണ്ട് അനുവദിച്ചെന്ന് പറഞ്ഞ് യാതൊരു നടപടിയുമുണ്ടായില്ല.
കഴിഞ്ഞ സർക്കാരിന്റ കാലത്ത് മന്ത്രി വിഎൻ വാസവൻ മുൻകൈയെടുത്ത് റോഡ് നിർമാണത്തിന് 80 ലക്ഷം രൂപ അനുവദിച്ചിരുന്നു. കരാർ എടുത്തുവെങ്കിലും എഗ്രിമെന്റ് വെച്ചിരുന്നില്ല. യുദ്ധവും മറ്റുംവന്ന സാഹചര്യത്തിൽ തുക ഉയർത്തിയാലെ പണി തുടങ്ങാൻ സാധിക്കുകയുള്ളൂവെന്ന നിലപാടിലാണ് അവർ.
അതേസമയം ദിവസേന നൂറുകണക്കിന് വാഹനങ്ങൾപോകുന്ന മുണ്ടുവേലിപ്പടി-വേദഗിരി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെയും തദ്ദേശവാസികളുടെയും നേതൃത്വത്തിൽ നിരാഹാരസമരം നടത്തും. വെള്ളിയാഴ്ച രാവിലെ 10.30 മുതൽ വൈകീട്ട് 5.30 വരെ മുണ്ടുവേലിപ്പടി റീത്ത ചാപ്പലിന് സമീപത്താണ് നിരാഹാരസമരം നടത്തുക.






