അഹമ്മദാബാദ്: രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരെ കേരളത്തിന് കൂറ്റൻ തോല്‍വി.
ഒരിന്നിങ്സിനും 58 റണ്‍സിനുമായിരുന്നു ഗുജറാത്തിന്റെ വിജയം. ആദ്യ ഇന്നിങ്സില്‍ 255 റണ്‍സിന്റെ ലീഡ് വഴങ്ങി ഫോളോഓണ്‍ ചെയ്ത കേരളം രണ്ടാം ഇന്നിങ്സില്‍ 197 റണ്‍സിന് ഓള് ഔട്ടാവുകയായിരുന്നു. സ്കോര്‍ ഗുജറാത്ത് - 534-9, കേരളം, 279,197.
ഒരു വിക്കറ്റിന് 41 റണ്‍സെന്ന നിലയില്‍ അവസാന ദിനം കളി ആരംഭിച്ച കേരളത്തിന് ആദ്യ ഓവറില്‍ തന്നെ അഭിഷേക് പി നായരുടെ വിക്കറ്റ് നഷ്ടമായി. 29 റണ്‍സെടുത്ത അഭിഷേകിനെ അർസാൻ നഗ്വാസ്വെല്ല ക്ലീൻ ബൗള്‍ഡാക്കുകയായിരുന്നു.
തുടർന്നെത്തിയ വരുണ്‍ നായനാർക്കും പിടിച്ചുനില്‍ക്കാനായില്ല. എട്ട് റണ്‍സെടുത്ത വരുണ്‍, സിദ്ധാർത്ഥ് ദേശായിയുടെ പന്തില്‍ ഉർവില്‍ പട്ടേലിന് ക്യാച്ച് നല്കി മടങ്ങി.
എന്നാല്‍ സച്ചിൻ ബേബിയും വിഷ്ണു വിനോദും ഒത്തുചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നല്കി. കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് 66 റണ്‍സ് കൂട്ടിച്ചേർത്തു.
ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റിന് 121 റണ്‍സെന്ന നിലയിലായിരുന്നു കേരളം.
എന്നാല്‍ കളി പുനരാരംഭിച്ച ഉടൻ തന്നെ വിഷ്ണു വിനോദ് പുറത്തായി. 39 റണ്‍സെടുത്ത വിഷ്ണു വിനോദിനെ വിശാല്‍ ജയ്സ്വാളാണ് പുറത്താക്കിയത്. തുടർന്നെത്തിയ മുഹമ്മദ് അസറുദ്ദീൻ നാല് റണ്‍സെടുത്ത് റണ്ണൗട്ടായി മടങ്ങിയതോടെ സച്ചിൻ ബേബിയിലായിരുന്നു കേരളത്തിന്റെ പ്രതീക്ഷ.
എന്നാല്‍ 52 റണ്‍സെടുത്ത സച്ചിൻ, അമിത് ദേശായിയുടെ പന്തില്‍ എല്‍.ബി.ഡബ്ല്യു ആയതോടെ കേരളത്തിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു. 43 റണ്‍സ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന നാല് വിക്കറ്റുകള്‍ കൂടി വീണതോടെ കേരളം 197 റണ്‍സിന് ഓള് ഔട്ടായി.
ആദിത്യ സർവാതെ 30ഉം ജലജ് സക്സേന 11ഉം റണ്‍സെടുത്തു. ഗുജറാത്തിന് വേണ്ടി അർസാൻ നഗ്വാസ്വെല്ല നാലും സിദ്ധാർത്ഥ് ദേശായി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.






