കൊല്ലം : നീണ്ടകരയിൽ വള്ളം മറിഞ്ഞ് കടലിൽ കാണാതായ ഗൗതം കൃഷ്ണന്റെ വീട്ടിൽ സന്ദർശനം നടത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഗൗതമിന്റെ അമ്മയെ കണ്ട് ആശ്വസിപ്പിച്ച അദ്ദേഹം, കാണാതായവർക്കായുള്ള തിരച്ചിൽ സജീവമായി തുടരുമെന്ന് അറിയിച്ചു. വിഷയത്തിൽ കോസ്റ്റ് ഗാർഡ് ഐജിയുമായി നേരിട്ട് സംസാരിച്ചിട്ടുണ്ടെന്നും നിലവിൽ കോസ്റ്റൽ പോലീസിനുള്ള സൗകര്യങ്ങൾ പരിമിതമാണെങ്കിലും അത് ഉടൻ തന്നെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദുരിതത്തിലായ കുടുംബത്തിന് സഹായം നൽകുന്ന കാര്യത്തിൽ അടുത്ത മന്ത്രിസഭാ യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നും സർക്കാരിന് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി സഹായങ്ങൾ ഉറപ്പാക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേസമയം ഇന്ന് നടത്തിയ തിരച്ചിലിലും സംസ്ഥാനത്ത് കാണാതായ മൽസ്യ തൊഴിലാളികളെ കണ്ടെത്താൻ കഴിഞ്ഞില്ല. നാളെയും തിരച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.






