കോട്ടയം : കർക്കടക മാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്നലെ രാമപുരത്തെ നാലമ്പലങ്ങളില്‍ വൻ ഭക്തജനപ്രവാഹം. പുലർച്ചെ 4ന് നിർമ്മാല്യ ദർശനത്തിനായി രാമപുരം ശ്രീരാമസ്വാമി ക്ഷേത്രനട തുറന്നപ്പോള്‍ നീണ്ടനിര ദൃശ്യമായിരുന്നു. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ദർശനത്തിനുശേഷം കൂടപ്പുലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ശ്രീഭരതസ്വാമി ക്ഷേത്രം, മേതിരി ശ്രീശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ ദർശനം നടത്തി വീണ്ടും രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയാണ് ഭക്തർ നാലമ്പല ദർശനം പൂർത്തിയാക്കിയത്.
രാമനില്‍ തുടങ്ങി രാമനില്‍ സമാപിക്കുന്ന പൗരാണിക സങ്കല്പമനുസരിച്ചുള്ള ക്ഷേത്രഗ്രാമ പ്രദക്ഷിണത്തോടെയുള്ള നാലമ്പല ദർശനത്തിന് അവസരമുള്ള അപൂർവ കേന്ദ്രമാണ് രാമപുരം. ഇതാണ് പ്രതികൂല കാലാവസ്ഥയിലും ഇത്രയധികം ഭക്തജനങ്ങള്‍ എത്താൻ കാരണമെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. ഓരോ ക്ഷേത്രങ്ങളിലും രണ്ട് മണിക്കൂറിലേറെ സമയം ക്യൂവില്‍ നിന്ന ശേഷമാണ് ഭക്തർക്ക് ദർശനം സാദ്ധ്യമായത്.
ഉച്ചയ്ക്ക് ശേഷം 4 മണിയോടെയാണ് ക്ഷേത്രനടകള്‍ അടച്ചത്. അപ്പോഴും ദർശനത്തിനായി ഭക്തരുടെ നീണ്ടനിരയായിരുന്നു. തുടർന്ന് അരമണിക്കൂറിന് ശേഷം വൈകിട്ട് 4.30ന് വീണ്ടും തുറന്നു. രാത്രി 8.30 നാണ് പിന്നീട് അടച്ചത്.
രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ശ്രീഭരതസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ ഭക്തർക്കായി അന്നദാനവും ഒരുക്കിയിരുന്നു. വോളണ്ടിയർമാർക്ക് പുറമെ തിരക്ക് നിയന്ത്രിക്കുന്നതിനായി പൊലീസും, സ്വകാര്യ സുരക്ഷാ ജീവനക്കാരുമുണ്ടായിരുന്നു.






