കോട്ടയം: ജില്ലയില്‍ രാത്രി മുതല്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മീനച്ചിലാറ്റില്‍ ജലനിരപ്പ് കുത്തനെ ഉയർന്നു.
പ്രധാന പാതകളിലും താഴ്ന്ന ജനവാസ മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. കോട്ടയം-കുമരകം-വൈക്കം റോഡില്‍ പലയിടങ്ങളിലും വെള്ളം കയറിയത് ഗതാഗത തടസ്സത്തിന് കാരണമായി.
തിരുവാർപ്പ്, കുമരകം, അയ്മനം, ആർപ്പൂക്കര, കുമ്മനം, താഴത്തങ്ങാടി, നട്ടശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലെ നിരവധിയേറെ വീടുകളില്‍ വെള്ളം കയറിയതോടെ ജനജീവിതം ദുസ്സഹമായിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഞായറാഴ്ച അർധരാത്രി മുതല്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
മഴയോടൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാൻ സാധ്യതയുള്ളതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും നദിക്കരകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
അതേസമയം കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ പാലാ നഗരത്തിലെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം സംഭവിച്ചു.
താഴ്ന്ന പ്രദേശങ്ങളിലെ കടകളിലും ഗോഡൗണുകളിലും വെള്ളം കയറിയതോടെ ഭക്ഷ്യവസ്തുക്കള്‍, ഇലക്രേ്ടാണിക് ഉപകരണങ്ങള്‍, ഫര്‍ണിച്ചര്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, പ്രധാന രേഖകള്‍ എന്നിവ വ്യാപകമായി നശിച്ചു.വെള്ളം അതിവേഗം ഉയര്‍ന്നതിനാല്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാന്‍ സമയം ലഭിച്ചില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു.
ഫ്രിഡ്ജുകള്‍, ഫ്രീസറുകള്‍, കമ്പ്യൂട്ടറുകള്‍, പ്രിന്ററുകള്‍, ഇന്‍വെര്‍ട്ടറുകള്‍ ഉള്‍പ്പെടെയുള്ള വൈദ്യുത ഉപകരണങ്ങളും വെള്ളത്തില്‍ മുങ്ങി കേടുപാടുകള്‍ സംഭവിച്ചു.
കടകളിലെ അലമാരകള്‍, കൗണ്ടറുകള്‍, മറ്റ് മരസാമഗ്രികള്‍ എന്നിവയും നശിച്ചതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി വ്യാപാരികള്‍ വ്യക്തമാക്കി.
വെള്ളം ഇറങ്ങിയതോടെ ഞായറാഴ്ച രാവിലെ മുതല്‍ വ്യാപാരികളും ജീവനക്കാരും കുടുംബാംഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
കടകളില്‍ അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുകയും, കേടായ സാധനങ്ങള്‍ പുറത്തേക്ക് മാറ്റുകയും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. വൈദ്യുത സംവിധാനങ്ങളുടെ സുരക്ഷാ പരിശോധനയും വിവിധ സ്ഥാപനങ്ങളില്‍ പുരോഗമിക്കുകയാണ്.
വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ നഷ്ടത്തിന്റെ കണക്കെടുപ്പ് വ്യാപാര സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വ്യാപാരി സംഘടനകളുടെ നേതൃത്വത്തില്‍ നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
വായ്പയെടുത്തും കടം വാങ്ങിയും വ്യാപാരം നടത്തുന്ന ചെറുകിട വ്യാപാരികളാണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നതെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടി.






