കോട്ടയം: വെള്ളപ്പൊക്കക്കെടുതിയില്‍ വീടുകളിലും കടകളിലും വെള്ളം കയറി നാശമുണ്ടായ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ ജില്ലയില്‍ ലഭിച്ചില്ലെന്ന് ആക്ഷേപം.
റേഷന്‍കാര്‍ഡ് ഒന്നിന് 10,000 രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചാണ് ദുരന്ത സമയത്ത് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കിയത്.
വെള്ളം കയറിയ വീടുകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് വില്ലേജ് ഓഫീസര്‍മാരാണെങ്കിലും ഉത്തരവോ സമയക്രമമോ പുറപ്പെടുവിച്ചിരുന്നില്ല.
കളക്ടറേറ്റില്‍നിന്നാണ് ദുരിതബാധിതരുടെ അക്കൗണ്ടിലേക്ക് പണം നല്‍കേണ്ടത്. ഇതിനുള്ള നടപടിക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
2018ലെ പ്രളയത്തിനുശേഷം വെള്ളം കയറിയ വീടുകള്‍ക്ക് 10,000 രൂപ അനുവദിച്ചപ്പോള്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്ന് 6,200 രൂപയും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 3,800 രൂപയും ചേര്‍ത്താണ് തുക കണ്ടെത്തിയത്.
ഇത്തവണത്തെ ഉത്തരവില്‍ ഏത് അക്കൗണ്ടില്‍നിന്നാണ് തുക അനുവദിക്കേണ്ടതെന്ന് പരാമര്‍ശം ഉണ്ടായിരുന്നില്ല.
ജില്ലയില്‍ മലയോര മേഖലയായ ഈരാറ്റുപേട്ട, പൂഞ്ഞാര്‍ പ്രദേശങ്ങളിലും പടിഞ്ഞാറന്‍ പ്രദേശങ്ങളുമാണ് വെള്ളപ്പൊക്കത്തില്‍ ഏറ്റവുമധികം ദുരിതമനുഭവിച്ചത്.
നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി. അത്രയും തന്നെ വ്യാപാരസ്ഥാപനങ്ങള്‍ക്കും നാശമുണ്ടായി.
ഈരാറ്റുപേട്ടയിലും പാലായിലും നൂറുകണക്കിനു വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി നാശനഷ്ടമുണ്ടായി.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സഹായപ്രഖ്യാപനങ്ങളല്ലാതെ ഒരുരൂപ പോലും ആര്‍ക്കും ലഭിച്ചില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.
പ്രഖ്യാപിച്ച സഹായം എന്ന് കിട്ടുമെന്ന് നിശ്ചയവുമില്ല.
അതിതീവ്ര മഴയിലും വെള്ളപ്പൊക്കത്തിലും ജില്ലയില്‍ കനത്ത നഷ്ടമാണ് ഉണ്ടായത്.






