തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമർദ്ദ സാധ്യത രൂപപ്പെടുന്നു. വടക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും സമീപ പ്രദേശങ്ങള്‍ക്കുമായി ഒരു ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് ആഗസ്റ്റ് 12ഓടെ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇതിനുപുറമേ, മധ്യപ്രദേശിന് മുകളിലായി മറ്റൊരു ന്യൂനമർദ്ദവും നിലവിലുണ്ട്. സംസ്ഥാനത്ത് 2026 ആഗസ്റ്റ് 10 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 3 മണിക്കൂറിനുള്ളില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മറ്റ് ജില്ലകളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റർ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തില്‍ നാല് ജില്ലകളിലെ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ തീരങ്ങളില്‍ ചൊവ്വാഴ്ച രാത്രി 11.30 വരെ ശക്തമായ കടലാക്രമണത്തിനും ഉയർന്ന തിരമാലകള്‍ക്കും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഈ പ്രദേശങ്ങളില്‍ 1.0 മീറ്റർ മുതല്‍ 1.6 മീറ്റർ വരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിച്ചേക്കാമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: കാപ്പില്‍ മുതല്‍ പൊഴിയൂർ വരെയുള്ള പ്രദേശം.
കൊല്ലം: ആലപ്പാട്ട് മുതല്‍ ഇടവ വരെയുള്ള തീരങ്ങള്‍.
ആലപ്പുഴ: ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെയുള്ള ഭാഗങ്ങള്‍.
തൃശൂർ: ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂർ വരെയുള്ള തീരപ്രദേശങ്ങള്‍.
ഇതിനുപുറമെ, കന്യാകുമാരി തീരത്തും ഇതേ കാലയളവില്‍ 1.4 മുതല്‍ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. കടലാക്രമണത്തിന് പുറമെ തീരശോഷണത്തിനും സാധ്യതയുള്ളതിനാല്‍ തീരവാസികള്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.
കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള അപകടസാധ്യതയുള്ള മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം ജനങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതാണ്. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലില്‍ ഇറക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം. ഔദ്യോഗിക മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരങ്ങളും കടലിലിറങ്ങിയുള്ള വിനോദങ്ങളും കർശനമായി നിരോധിച്ചിരിക്കുന്നു.






