ഡല്‍ഹി: മാസം തോറും ഫോണ്‍ റീച്ചാർജ് ചെയ്യാനും പ്ലാനുകളുടെ വാലിഡിറ്റി തീയതി ഓർത്തുവെക്കാനുമുള്ള ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരവുമായി സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം സേവനദാതാക്കളായ ബി.എസ്.എൻ.എല്‍ (BSNL).
ഉപയോക്താക്കള്‍ക്കായി 365 ദിവസം വാലിഡിറ്റിയുള്ള പുതിയ വാർഷിക റീച്ചാർജ് പ്ലാൻ കമ്പനി പുറത്തിറക്കി.
2,799 രൂപയുടെ പ്ലാനാണ് ബി.എസ്.എൻ.എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത് കണക്കാക്കുമ്പോള്‍ പ്രതിദിനം ഏകദേശം 7.76 രൂപ മാത്രമാണ് ചെലവ് വരുന്നത്. രാജ്യത്തുടനീളം പരിധിയില്ലാത്ത സൗജന്യ കോളുകള്‍, പ്രതിദിനം 3 ജിബി ഹൈ-സ്പീഡ് ഡാറ്റ, ദിവസം 100 സൗജന്യ എസ്.എം.എസുകള്‍ എന്നിവയാണ് ഈ പ്ലാനിലൂടെ ലഭിക്കുക.
ഔദ്യോഗിക എക്സ് (X) അക്കൗണ്ടിലൂടെയാണ് ബി.എസ്.എൻ.എല്‍ പുതിയ പ്ലാനിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. ഉപയോക്താക്കള്‍ക്ക് ബി.എസ്.എൻ.എല്‍ വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, അല്ലെങ്കില്‍ അടുത്തുള്ള റീച്ചാർജ് കേന്ദ്രങ്ങള്‍ എന്നിവ വഴി പുതിയ പ്ലാൻ ലഭ്യമാകും.






