ഏറ്റുമാനൂർ: ഏറ്റുമാനൂർ റെയില്‍വേ സ്റ്റേഷനെ ആശ്രയിച്ച് യാത്രചെയ്യുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വൻ വർധന. ഇതോടെ സൂപ്പർ ഫാസ്റ്റ് ട്രെയിനുകള്‍ നിർത്തുന്ന ഡിവിഷനിലെ ചില സ്റ്റേഷനുകളെക്കാള്‍ വരുമാനത്തില്‍ വലിയ നേട്ടം ഏറ്റുമാനൂർ സ്റ്റേഷൻ കൈവരിച്ചു.
പ്രതിവർഷം ഏറ്റുമാനൂർ സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം ഇപ്പോള്‍ 1.5 കോടിയോടടുക്കുന്നു. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വർധന ഉണ്ടായതോടെ റെയില്‍വേ സ്റ്റേഷനുകളുടെ ക്ലാസിഫിക്കേഷനില്‍ എൻഎസ്ജി ആറില്‍നിന്ന് എൻഎസ്ജി അഞ്ചിലേക്ക് ഏറ്റുമാനൂർ സ്റ്റേഷൻ ഉയർന്നിട്ടുണ്ട്.
മെമു, പാസഞ്ചർ ട്രെയിനുകള്‍ക്കു പുറമേ വേണാട്, പരശുറാം, പാലരുവി എക്സ്പ്രസ് ട്രെയിനുകള്‍ക്കും സീസണുകളില്‍ ചില സ്പെഷല്‍ ട്രെയിനുകള്‍ക്കും മാത്രമാണ് ഏറ്റുമാനൂരില്‍ സ്റ്റോപ്പ് ഉള്ളത്. എന്നിട്ടും സ്റ്റേഷനിലെ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഉണ്ടായ വർധന സ്റ്റേഷന്റെ പ്രാധാന്യവും കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കേണ്ടതിന്റെ ആവശ്യകതയും എടുത്തു കാട്ടുന്നു. അമൃത് ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി നവീകരിച്ച സ്റ്റേഷനില്‍ ഏറ്റവും മികച്ച സൗകര്യങ്ങളാണ് നിലവില്‍ ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ യാത്രക്കാരെ സ്റ്റേഷനിലെത്തിക്കാൻ വികസന പ്രവർത്തനങ്ങള്‍ക്ക് കഴിഞ്ഞെന്ന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് ചൂണ്ടിക്കാട്ടി. എംജി യൂണിവേഴ്സിറ്റി, ബ്രില്യന്റ് കോളജ്, ഗവ. ഐടിഐ, മെഡിക്കല്‍ കോളജ്, കുട്ടികളുടെ ആശുപത്രി എന്നിവിടങ്ങളിലേയ്ക്കുള്ള നൂറുകണക്കിന് യാത്രക്കാരാണ് ദിവസവും ഏറ്റുമാനൂർ സ്റ്റേഷനില്‍ ഇറങ്ങുകയും മടങ്ങുകയും ചെയ്യുന്നത്. എറണാകുളത്തെ വിവിധ ഓഫിസുകളിലേക്കും ആശുപത്രികളിലേക്കും പോകുന്ന ഒട്ടേറെ പേർ സ്റ്റേഷനെ ആശയിക്കുന്നുണ്ട്.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലേക്ക് സ്റ്റേഷനില്‍നിന്ന് ഒന്നരക്കിലോമീറ്റർ മാത്രമാണ് ദൂരം. ഇവിടെ ഇറങ്ങി ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ സ്റ്റേഷന്റെ വരുമാനത്തില്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. അതിരമ്പുഴ പള്ളിയിലേക്കും ഒന്നരക്കിലോമീറ്റർ മാത്രം അകലമേയുള്ളൂ. കോട്ടയം റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിച്ചേരാനുള്ള ഗതാഗതക്കുരുക്കും പാർക്കിംഗ് ഫീസില്‍ സമീപ കാലത്ത് ഉണ്ടായ വലിയ വർധനവും യാത്രക്കാരെ ഏറ്റുമാനൂരിലേക്ക് ആകർഷിച്ചു. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് ഒരു മാസത്തെ സീസണ് ടിക്കറ്റിന് 600 രൂപയാണ്. ഏറ്റുമാനൂരില്അത് 400 രൂപയാണ്.
എന്നിട്ടും സ്റ്റോപ്പ് അനുവദിക്കുന്നില്ല
രാവിലെ തിരുവനന്തപുരം ഭാഗത്തേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി പോകേണ്ടി വരുന്നവർ കോട്ടയം റെയില്‍വേ സ്റ്റേഷനെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. പാലാ, കുറവിലങ്ങാട് ഭാഗങ്ങളില്‍ നിന്നുള്ളവർക്ക് വലിയ ദുരിതമാണ് അനുഭവിക്കേണ്ടി വരുന്നത്. വഞ്ചിനാട് ഉള്‍പ്പെടെ ഏതാനും എക്സ്പ്രസ് ട്രെയിനുകള്‍ക്ക് ഏറ്റുമാനൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നതാണ്. ഒട്ടേറെ സമരങ്ങളും ഇതിനായി നടന്നു. പക്ഷേ പ്രയോജനമുണ്ടാകുന്നില്ല. എക്സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക കൂടി ചെയ്താല്‍ ഏറ്റുമാനൂരില്‍ യാത്രക്കാരുടെ എണ്ണവും വരുമാനവും കുതിച്ചുയരും.
ഇപ്പോള്‍ ഇല്ലെങ്കില്‍ ഉടനെയില്ല
ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചുകൊണ്ടുള്ള തീരുമാനം ഈ മാസം തന്നെ ഉണ്ടാകാൻ സാധ്യതയുണ്ട്. സ്റ്റോപ്പുകള്‍ക്കായുള്ള അപേക്ഷകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പരിഗണിച്ചേക്കും. അതുകൊണ്ട് എംപി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളും ഈ ദിവസങ്ങളില്‍ സമ്മർദ്ദം ശക്തമാക്കിയില്ലെങ്കില്‍ വീണ്ടും ഒരു വർഷം കൂടി കാത്തിരിക്കേണ്ടിവരും.






