കൊട്ടാരക്കര: കൊട്ടാരക്കരയിലെ പുലമൺ ജംഗ്ഷനിൽ നിന്ന് ഗോവിന്ദമംഗലം റോഡിലേക്ക് എത്തിച്ചേരുന്ന സമാന്തര പാതയുടെ ശോചനീയാവസ്ഥ വർഷങ്ങളായിട്ടും പരിഹരിക്കപ്പെടാതെ തുടരുന്നു. നഗരത്തിലെ പ്രധാന ഗതാഗതക്കുരുക്ക് ഒഴിവാക്കി പുനലൂർ ഭാഗത്തേക്കും തിരിച്ചും സഞ്ചരിക്കാൻ ഏറെ സഹായകരമായ ഈ റോഡ് കുണ്ടും കുഴിയും നിറഞ്ഞ നിലയിലാണ്.
ചന്തമുക്കിൽ നിന്ന് ആരംഭിക്കുന്ന ലോട്ടസ് റോഡ് എം.സി. റോഡിൽ ചേരുന്ന ഭാഗത്തിന് എതിർവശത്താണ് ഈ പാത. പുലമൺ തോടിന് കുറുകെ രണ്ടാം പാലം നിർമിച്ചാണ് റോഡ് ഒരുക്കിയതെങ്കിലും, തുടക്കഭാഗം ഇന്നും ടാറിംഗോ കോൺക്രീറ്റിംഗോ നടത്താത്തതിനാൽ വാഹനയാത്ര ദുഷ്കരമാണ്.
എം.സി. റോഡിൽ നിന്ന് ഈ സമാന്തര പാത ആരംഭിക്കുന്ന സ്ഥലത്ത് കൈയേറ്റവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളും നിലനിൽക്കുന്നുണ്ട്. സ്വകാര്യ വ്യക്തി നിർമിച്ച കെട്ടിടത്തിന്റെ ഒരു ഭാഗം നേരത്തെ പൊളിച്ചുനീക്കിയിരുന്നെങ്കിലും, റോഡിന്റെ വികസനത്തിന് ആവശ്യമായ നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ല.
വലിയ വാഹനങ്ങൾക്കും സഞ്ചരിക്കാൻ ആവശ്യമായ വീതിയുള്ള ഈ റോഡ് കോൺക്രീറ്റ് ചെയ്യുകയോ ടാർ ചെയ്യുകയോ ചെയ്താൽ പുലമൺ ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് ഗണ്യമായ ആശ്വാസമാകുമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. എം.സി. റോഡും കൊല്ലം–തിരുമംഗലം ദേശീയപാതയും സംഗമിക്കുന്ന ഭാഗമായതിനാൽ ഇവിടെ എല്ലായ്പ്പോഴും തിരക്കേറിയ ഗതാഗതമാണ് അനുഭവപ്പെടുന്നത്.
എം.സി. റോഡിൽ നിന്ന് ഏകദേശം 200 മീറ്റർ മാത്രം സഞ്ചരിച്ചാൽ ഗോവിന്ദമംഗലം റോഡിലെത്താൻ സാധിക്കുന്ന ഈ പാത, കുന്നിക്കോട്, പുനലൂർ തുടങ്ങിയ മേഖലകളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ഏറെ പ്രയോജനകരമാണ്. എന്നാൽ ആദ്യപകുതി ഭാഗത്ത് ടാറിംഗോ കോൺക്രീറ്റിംഗോ ഇല്ലാത്തതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടുകയാണ്. പാലത്തിന് ശേഷമുള്ള ഭാഗം നേരത്തെ ടാർ ചെയ്തിട്ടുണ്ട്.
റോഡിന്റെ തുടക്കത്തിൽ താഴ്ചയുള്ളതിനാൽ മഴക്കാലത്ത് ചെളിവെള്ളം കെട്ടിനിൽക്കുകയും വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസമുണ്ടാകുകയും ചെയ്യുന്നു. നഗരസഭ അടിയന്തരമായി ഇടപെട്ട് റോഡ് നവീകരിക്കണമെന്ന ആവശ്യമാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും.
പുലമൺ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കാൻ ബൈപ്പാസ്, മേൽപ്പാലം ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ മുമ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും അവ ഇതുവരെ യാഥാർഥ്യമായിട്ടില്ല.






