തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷയില്‍ 10 ചോദ്യങ്ങള്‍ മൂല്യനിർണയം നടത്താത്തതില്‍ തനിക്ക് പങ്കില്ലെന്ന് അഡീഷണല്‍ സെക്രട്ടറി ആർ ഹരി.
ചുമതല ഡെപ്യൂട്ടി സെക്രട്ടറി സതീഷിനായിരുന്നു. മൂല്യനിർണയം നടത്താതെ ചോദ്യങ്ങള്‍ ഒഴിവാക്കിയത് അറിഞ്ഞിരുന്നില്ലെന്നാണ് ഹരിയുടെ മൊഴി.
അതേസമയം മൊഴി ക്രൈംബ്രാഞ്ച് വിശ്വാസത്തിലെടുത്തിട്ടില്ല. പി എസ് സി ചെയർമാൻ എം ആർ ബൈജുവിന്റെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ ക്രമക്കേടുകള്‍ക്ക് വഴിവച്ചു എന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.
ചോദ്യങ്ങള്‍ തയ്യാറാക്കിയ പാനലും മൂല്യനിർണയം നടത്തുന്നവരെ തീരുമാനിച്ചതും ചെയർമാൻ ആണെന്നാണ് പി എസ് സി അംഗങ്ങളുടെ മൊഴി. ഏകപക്ഷീയ ഇടപെടല്‍ ഉണ്ടായെന്നാണ് അംഗങ്ങളുടെ മൊഴി. പി എസ് സി ചെയർമാനെ വീണ്ടും ചോദ്യം ചെയ്യും.
പി എസ് സി ചെയർമാൻ എം ആർ ബൈജു സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കുന്നതായി പി എസ് സി സെക്രട്ടറി മൊഴി നല്‍കിയിരുന്നു. എന്തെങ്കിലും വിവാദമുണ്ടായാല്‍ ഉദ്യോഗസ്ഥരെ പഴിക്കുന്നതാണ് പി എസ് സി ചെയർമാന്റെ രീതിയെന്നും പി എസ് സി സെക്രട്ടറി ക്രൈംബ്രാഞ്ചിന് നല്കിയ മൊഴിയിലുണ്ട്.
അഡീഷണല്‍ സെക്രട്ടറി ഹരിയും ചെയർമാനായ എം ആർ ബൈജുവും ചേർന്നാണ് തീരുമാനങ്ങളെടുക്കുന്നത്. ഒരു കൂടിയാലോചനകളുമില്ലാതെയാണ് ചെയർമാൻ തീരുമാനങ്ങളെടുക്കുക.
എന്തെങ്കിലും വിവാദമുണ്ടായാല്‍ ഉദ്യോഗസ്ഥരെ പഴിചാരുമെന്നും സെക്രട്ടറി നല്കിയ മൊഴിയിലുണ്ട്. പി എസ് സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇത് രണ്ടാംതവണയാണ് പി എസ് സി സെക്രട്ടറി പി എസ് സി ചെയർമാനെതിരേ മൊഴി നല്‍കുന്നത്.






