ഡൽഹി: എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. സമ്പന്നമായ സംസ്കാരവും സാഹോദര്യവുമാണ് ഓണം വ്യക്തമാക്കുന്നത്.
ഇത്തരം ആഘോഷങ്ങള്‍ നാനാത്വത്തില്‍ ഏകത്വം ഊട്ടിയുറപ്പിക്കുന്നു. ഓണം എല്ലാവര്ക്കും സന്തോഷവും സമാധാനവും ആയുരാരോഗ്യവും ഐശ്വര്യവും പ്രദാനം ചെയ്യട്ടെ എന്നാണ് രാഷ്ട്രപതിയുടെ ആശംസ.
പുതിയ വിളവെടുപ്പ് കാലത്ത് പ്രകൃതിയോട് നന്ദി അറിയിക്കാനുള്ള അവസരമാണ് ഓണമെന്ന് രാഷ്ട്രപതി ആശംസാ സന്ദേശത്തില്‍ സൂചിപ്പിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ ഓണം ഏവര്‍ക്കും പ്രചോദനമാകട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു. വള്ളംകളിയും നാടന്‍ കലകളും സംഗീതവും കായികവിനോദങ്ങളും കേരളത്തിന്റെ തനത് സംസ്കാരത്തെയും മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. ഓണം എല്ലാ വീട്ടിലും സന്തോഷവും സമാധാനവും സമൃദ്ധിയും കൊണ്ടുവരട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. സൗഹാര്‍ദത്തിന്റെയും ഒത്തൊരുമയുടെയും ഉത്സവമാണ് തിരുവോണം. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും,,ഐശ്വര്യവും ഒരുമയുമാണ് ഓണം ആഘോഷമാക്കുന്നതെന്നത് അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ഓണത്തിന്റെ സന്ദേശം ഇന്ത്യയുടെ മഹത്തായ മൂല്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിജീവനത്തിന് പ്രേരിപ്പിക്കുകയും ആത്മവിശ്വാസം നല്‍കുകയും പ്രതിസന്ധികളില്‍ നമ്മള് ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവുണ്ടാക്കുന്നതുമാണ് ഓരോ ഓണാഘോഷങ്ങളുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന് ആശംസാ സന്ദേശത്തില്‍ പറഞ്ഞു. സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവച്ച്, കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എല്ലാവര്ക്കും ഓണം ആഘോഷിക്കാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.






