കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി കാർട്ടൻ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എംഡി മുഹമ്മദ് ആസിഫിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.
കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും വിജിലൻസ് നിർദേശം നല്‍കിയിട്ടുണ്ട്. ജിഎസ്ടി അടച്ചതിന്റെ രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്ണൂർ ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട 12 കോടി രൂപയുടെ കരാറില്‍ അഴിമതി നടന്നുവെന്നാരോപിച്ച് ലഭിച്ച പരാതിയെത്തുടർന്നാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്. ഇന്ന് രാവിലെ 11 മണിയോടെ കോഴിക്കോട്ടുള്ള വിജിലൻസ് ഓഫീസില്‍ ഹാജരാകാനാണ് നിർദേശം നല്‍കിയിരിക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട കരാർ രേഖകള്‍, ജിഎസ്ടി അടച്ചതിന്റെ രേഖകള്‍, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ ഹാജരാക്കാൻ വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കാർട്ടൻ ഇന്ത്യയുടെ കണ്ണൂരിലെ രണ്ട് ഓഫീസുകളില്‍ വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നെങ്കിലും, ഉദ്യോഗസ്ഥർ ഇല്ലാത്തതിനാല്‍ രേഖകള്‍ പരിശോധിക്കാൻ സാധിച്ചിരുന്നില്ല. പ്രസ്തുത കരാറുകള്‍ ടെൻഡർ വഴിയാണ് ലഭിച്ചതെന്നാണ് കമ്പനിയുടെ വാദം.
തുടർന്നാണ് കാർട്ടണ്‍ അലയൻസ് ഇന്ത്യ എംഡി മുഹമ്മദ് ആസിഫിന്റെ മൊഴി രേഖപ്പെടുത്താൻ വിജിലൻസ് സംഘം തീരുമാനിച്ചിരിക്കുന്നത്. നേരത്തെ കണ്ണൂർ ജില്ലാ പഞ്ചായത്തിലും സില്‍ക്കിലും വിജിലൻസ് പരിശോധന നടത്തുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
അതിന്റെ തുടർച്ചയായാണ് കാർട്ടണ്‍ അലയൻസ് ഇന്ത്യയിലും പരിശോധന നടത്തിയത്. വളരെ വേഗത്തില്‍ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസിന്റെ നീക്കം.
ഇതിനുശേഷമായിരിക്കും എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതുള്‍പ്പെടെയുള്ള തുടർനടപടികളിലേക്ക് കടക്കുക. വരുംദിവസങ്ങളില്‍ പി.പി ദിവ്യയുടെയും പരാതിക്കാരുടെയും അടക്കം മൊഴിയെടുക്കുമെന്നും വിജിലൻസ് അറിയിച്ചിരുന്നു.






