തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളം നഗരസഭാ പരിധിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിച്ച് പന്നിയിറച്ചി വില്പന നടത്തിയ കടയ്ക്കെതിരെ നഗരസഭാ ആരോഗ്യ വിഭാഗം നടപടി സ്വീകരിച്ചു.
കുന്നംകുളം പാറയില്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ നിന്നാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പന്നിയിറച്ചി പിടിച്ചെടുത്ത് നശിപ്പിച്ചത്.
ആഫ്രിക്കന്‍ പന്നിപ്പനി പടരുന്നത് തടയുന്നതിന്റെ ഭാഗമായി നഗരസഭാ പരിധിയില്‍ പന്നിമാംസ വില്പനയ്ക്ക് താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് നഗരസഭ ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കുകയും മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ സര്‍ക്കാരിന്റെയും നഗരസഭയുടെയും നിര്‍ദ്ദേശം ലംഘിച്ച് പാറയില്‍ മാര്‍ക്കറ്റില്‍ വില്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ ആരോഗ്യ വിഭാഗം മിന്നല്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് വില്പനയ്ക്കായി വച്ചിരുന്ന മാംസം പിടിച്ചെടുക്കുകയും ശാസ്ത്രീയമായി നശിപ്പിക്കുകയും ചെയ്തു. ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തിച്ച കടയുടമയ്ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചെന്നും വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും നഗരസഭാ അധികൃതര്‍ അറിയിച്ചു.






