പൂഞ്ഞാർ: പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശ കരട് വിജ്ഞാപനത്തില്‍നിന്ന് ജനവാസ മേഖലകളും കൃഷിഭൂമികളും തോട്ടം മേഖലകളും പൂർണമായി ഒഴിവാക്കണമെന്ന് കേരള കർഷകസംഘം പൂഞ്ഞാറില്‍ സംഘടിപ്പിച്ച കണ്വൻഷൻ ആവശ്യപ്പെട്ടു.
കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം ജൂലൈ 27ന് പുറപ്പെടുവിച്ച ഏഴാമത് കരട് വിജ്ഞാപനത്തില്‍ കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര, മേലുകാവ്, തീക്കോയി, കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂട്ടിക്കല്‍ എന്നീ വില്ലേജുകളിലെ പ്രദേശങ്ങള്‍ പരിസ്ഥിതിലോല പ്രദേശമായി ഉള്‍പ്പെടുത്തിയതിനെതിരെയാണ് കണ്വൻഷൻ സംഘടിപ്പിച്ചത്.
കേരള കർഷകസംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം. ടി. ജോസഫ് കണ്വൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസഫ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
കർഷകരുടെ ഉപജീവനമാർഗങ്ങളും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ജനവാസകേന്ദ്രങ്ങളും സംരക്ഷിക്കുന്ന തരത്തില്‍ കരട് വിജ്ഞാപനം അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് കണ്വൻഷൻ ആവശ്യപ്പെട്ടു.






