കോട്ടയം: നെഹ്റുട്രോഫി വള്ളംകളിയില്‍ ആദ്യ ഒമ്പത് സ്ഥാനങ്ങള്‍ നേടിയ ചുണ്ടൻവള്ളങ്ങള്‍ ഐ.പി.എല്‍ മാതൃകയില്‍ ഏറ്റുമുട്ടുന്ന ബോട്ട് ലീഗ് മത്സരത്തിന് 19ന് തുടക്കമാകും.
ആലപ്പുഴ, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലായി നടക്കുന്ന 11 മത്സരങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടുന്നവരാണ് ഓവറോള്‍ ചാമ്പ്യന്മാരാകുക. വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞിരുന്ന വീയപുരം ചുണ്ടനാണ് നിലവിലെ ചാമ്പ്യൻമാർ. നവംബർ 21 ന് കൊല്ലത്തു നടക്കുന്ന പ്രസിഡന്റ്സ് ട്രോഫിയോടെ ലീഗിന് സമാപനമാകും.
കോട്ടയത്ത് നിന്നു കുമരകം ടൗണ്‍ബോട്ട് ക്ലബിന്റെ പുണ്യാളൻ നിരണം, കുമരകം ഇമ്മാനുവല്‍ ബോട്ട് ക്ലബിന്റെ ആർക്കൂക്കര, നാട്ടകം ബോട്ട് ക്ലബിന്റെ ചെറുതന എന്നീ ചുണ്ടൻ വള്ളങ്ങള്‍ ലീഗില്‍ മാറ്റുരയ്ക്കും. മികച്ച തയാറെടുപ്പുകളോടെയാണ് കോട്ടയം ടീമുകള്‍ മത്സരത്തിനൊരുങ്ങുന്നത്.
ജേതാക്കള്‍ക്ക് 25 ലക്ഷം രൂപയാണ് സമ്മാനത്തുക. യഥാക്രമം 20 ലക്ഷവും 15 ലക്ഷവുമാണ് രണ്ടും മൂന്നും സ്ഥാനക്കാർക്ക് ലഭിക്കുക. ഓരോ മത്സരത്തിലെ ജേതാക്കള്‍ക്ക് ക്യാഷ് പ്രൈസിന് പുറമേ ബോണസും ലഭിക്കും.






