തിരുവനന്തപുരം: കേരളാ പോലീസിന്റെ കായികമേളയുമായി ബന്ധപ്പെട്ട് പോലീസുദ്യോഗസ്ഥര്‍ സ്പോണ്‍സര്‍ഷിപ്പ് എന്ന പേരില്‍ നടത്തിയ ഫണ്ട് ശേഖരണം വിവാദമാകുന്നു .
ചിട്ടി കമ്പനികള്‍ക്കും സ്പാകള്‍ക്കും കോറി ഉടമകള്‍ക്കും ഉള്‍പ്പെടെ യാതൊരു മാനദണ്ഡങ്ങളുമില്ലാതെ തറപ്പിരിവ് രീതിയില്‍ ഫണ്ട് പിരിച്ചെടുത്ത ശൈലി ഉന്നത ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവം വലിയ വിവാദമാകുമെന്ന് ഉറപ്പായതോടെ, പിരിച്ചെടുത്ത പണം മുഴുവനും അടിയന്തരമായി തിരികെ നല്കാന് പോലീസ് ഉന്നതര്‍ കര്‍ശന നിര്‍ദ്ദേശം നല്കി. കേരള പോലീസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു സംഭവം അരങ്ങേറുന്നത്.
ഈ മാസം എട്ട് മുതല്‍ പത്ത് വരെ തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിലാണ് കേരളാ പോലീസിന്റെ സ്റ്റേറ്റ് അത്ലറ്റിക്സ് ആന്‍ഡ് ഗെയിംസ് മീറ്റ് അരങ്ങേറുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയുടെ സമാപന സമ്മേളനത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പങ്കെടുക്കും. എന്നാല്‍ കായികമേളയ്ക്ക് മുന്നോടിയായി സാമ്പത്തിക സമാഹരണത്തിനായി രൂപീകരിച്ച പ്രത്യേക കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.
തിരുവനന്തപുരത്തെ ഡി.ഐ.ജി റാങ്കിലെ ഒരു ഉദ്യോഗസ്ഥൻ ചെയര്‍മാനും ഒരു ഡി.സി.പി അംഗവുമായ കമ്മിറ്റിയാണ് ഫണ്ട് സമാഹരണത്തിന് നേതൃത്വം നല്‍കിയത്. പോലീസിന്റെ കായികമേളയ്ക്കായി എസ്.ബി.ഐ അടക്കമുള്ള വലിയ ബാങ്കുകളില്‍ നിന്നും വന്‍കിട സ്ഥാപനങ്ങളില്‍ നിന്നും സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം.
അവർ വലിയ തുക നൽകിയിട്ടുമുണ്ട്. എന്നാല്‍ ഇത് പോരെന്ന് ചില ഡിവൈ.എസ്.പിമാർക്ക് തോന്നി. മുകളിൽ നിന്നുള്ള സമ്മർദ്ദം മുറുകിയപ്പോൾ അവരുടെ രീതിയിൽ പ്രവർത്തനം തുടങ്ങി.
പ്രാദേശിക ക്ലബ്ബിന്റെ പിരിവിനെ അനുസ്മരിപ്പിക്കും വിധമാണ് ഉദ്യോഗസ്ഥര്‍ ഫണ്ട് ശേഖരിച്ചത്. ഇതാണ് ഇപ്പോള്‍ പോലീസ് സേനയ്ക്ക് നാണക്കേടായി മാറിയിരിക്കുന്നത്.
പേരില്ലാത്ത ലോഡ്ജുകളില്‍ നിന്നും അത്ര പരിചിതമല്ലാത്ത സ്ഥാപനങ്ങളില്‍ നിന്നും പോലും അയ്യായിരവും പതിനായിരവും രൂപ വീതം പോലീസ് ഉദ്യോഗസ്ഥര്‍ പിരിച്ചെടുക്കുകയായിരുന്നുവെന്നാണ് പ്രധാന കണ്ടെത്തല്‍. യാതൊരു മാനദണ്ഡവുമില്ലാതെ നടത്തിയ ഈ ഫണ്ട് ശേഖരണം പോലീസ് സേനയുടെ അന്തസിന് കളങ്കമേല്‍പ്പിക്കുന്ന തരത്തിലായി മാറി. ഇത്തരത്തില്‍ 85,000 രൂപയാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഉദ്യോഗസ്ഥര്‍ പലരില്‍ നിന്നായി സമാഹരിച്ചത്.
പിരിവ് നല്കിയ സ്ഥാപനങ്ങളുടെ പട്ടിക പരിശോധിച്ചപ്പോഴാണ് പോലീസ് ഉന്നതര്‍ ശരിക്കും ഞെട്ടിയത്. ഒരു ഹോളീഡേ ഹോംസ്’ പോലുള്ള സ്ഥാപനത്തിൽ നിന്ന് 5,000 രൂപയും ഒരു ചിട്ടി കമ്പനിയില്‍ നിന്ന് 5,000 രൂപയും സ്വീകരിച്ചിരുന്നു. ഇതിന് പുറമെ ഒരു മതസ്ഥാപനത്തില്‍ നിന്നും പോലീസ് ഫണ്ട് സ്വീകരിച്ചതായി രേഖകളിലുണ്ട്.
ഏറ്റവും ഗൗരവകരമായ കാര്യം ക്വാറി മാഫിയകളില്‍ നിന്നും പോലീസ് ഫണ്ട് സ്വീകരിച്ചു എന്നതാണ്. ഒരു ക്വോറി ഉടമയില്‍ നിന്ന് 10,000 രൂപയാണ് സ്പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ വാങ്ങിയത്. അതുപോലെ തന്നെ ഒരു സ്പായില്‍ നിന്നും പോലീസ് പണം കൈപ്പറ്റിയിരുന്നു. തികച്ചും സംശയാസ്പദമായ പശ്ചാത്തലമുള്ള സ്ഥാപനങ്ങളില്‍ നിന്നും ഒരു നിയന്ത്രണവുമില്ലാതെ പണം വാങ്ങിയത് വലിയ സുരക്ഷാ വീഴ്ചയായാണ് ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.
ഉത്തരേന്ത്യൻ ഉദ്യോഗസ്ഥരായതുകൊണ്ടാകാം ഇതിന്റെ ഗൗരവം ഡി.ഐ.ജിക്കും ഡി.സി.പിക്കും മനസ്സിലാകാതെ പോയതെന്നാണ് ഉന്നത പോലീസ് വൃത്തങ്ങള്‍ നല്കുന്ന വിശദീകരണം. ഇവര്‍ക്ക് ഈ സ്ഥാപനങ്ങളുടെ പശ്ചാത്തലത്തെക്കുറിച്ചോ പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ചോ വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. സ്പെഷ്യൽ ബ്രാഞ്ചും അനങ്ങിയില്ല.
ഇത് മുതലെടുത്താണ് താഴെത്തട്ടിലുള്ള ചില ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ വ്യാപകമായി തറപ്പിരിവ് നടത്തിയത്.
സ്പോണ്‍സര്‍മാരുടെ പട്ടികയും അവര്‍ നല്കിയ തുകയുടെ വിവരങ്ങളും ഔദ്യോഗികമായി പുറത്തുവന്നപ്പോഴാണ് ഈ വന്‍ വീഴ്ച ഡി.ജി.പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്. കാര്യങ്ങള്‍ കൈവിട്ടുപോയെന്നും ഇത് വലിയ മാധ്യമ വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമാകുമെന്നും ഉന്നതര്‍ക്ക് ഉടന്‍ തന്നെ മനസ്സിലായി. ഇതോടെയാണ് അടിയന്തര ഇടപെടല്‍ നടത്താന്‍ അവര്‍ തീരുമാനിച്ചത്.
പിരിച്ചെടുത്ത പണം ഇലയ്ക്കും മുള്ളിനും കേടില്ലാതെ , ഇരു ചെവി അറിയാതെ അതത് സ്ഥാപനങ്ങള്‍ക്ക് തിരികെ നല്‍കാനാണ് ഉന്നതർ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പോലീസ് ചരിത്രത്തില്‍ ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത നടപടിയാണിത്. വിവാദം തലവേദനയാകും മുന്‍പ് തന്നെ ഒഴിവാക്കാനാണ് പോലീസ് തലപ്പത്തെ ഈ ധൃതഗതിയിലുള്ള നീക്കം.
പണം തിരികെ നല്കിയതുകൊണ്ട് മാത്രം ഈ പ്രശ്നം അവസാനിക്കാന്‍ സാധ്യതയില്ല. യാതൊരു മാനദണ്ഡങ്ങളുമില്ലാതെ തറപ്പിരിവ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വരും ദിവസങ്ങളില്‍ കര്‍ശനമായ അച്ചടക്ക നടപടികളുണ്ടാകുമെന്നാണ് സൂചന. ആഭ്യന്തര മന്ത്രി രഹസ്യന്വേഷണം നടത്തുന്നുണ്ട്.സേനയുടെ സല്‍പ്പേരിന് കളങ്കം വരുത്തിയ ഈ സംഭവത്തില്‍ വിശദമായ അന്വേഷണത്തിനും സാധ്യതയുണ്ട്.






