തിരുവനന്തപുരം: കോവളത്ത് സ്പായില്‍ 16 കാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ പ്രതികളെ റിമാൻഡ് ചെയ്തു.
മാതൃ സഹോദരിയെയും ഭർത്താവിനെയുമാണ് റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.
കൂടുതല്‍ ചോദ്യം ചെയ്യലിനായി പോലീസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങും. കോവളത്ത് സ്പായില്‍ ലൈംഗിക പീഡനത്തിനിരയായ ആന്ധ്ര സ്വദേശിനിയായ പതിനാറുകാരിയെ ഉടമകള്‍ക്ക് വിറ്റത് ഇളയമ്മ തന്നെയെന്ന് വ്യക്തമായി. സ്പായിലെ മലയാളിയായ ജീവനക്കാരനാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.
സ്പായില്‍ എത്തി പീഡിപ്പിച്ചവരെ തിരിച്ചറിയല്‍ പരേഡ് നടത്തി പ്രതി ചേര്‍ക്കും. ആന്ധ്രയില്‍ നിന്നാണ് ഇളയമ്മയേയും ഭര്‍ത്താവിനെയും തിരുവനന്തപുരത്ത് എത്തിച്ചത്. സ്പായുടെ ബിനാമി ഉടമ എന്ന് സംശയിക്കുന്ന തിരുവന്തപുരം കോർപറേഷനിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറെയും പൊലീസ് വിശദമായി ചോദ്യം ചെയ്യും.
ചെറുപ്പത്തിലെ മാതാപിതാക്കളെ നഷ്ടപ്പെട്ട പെണ്‍കുട്ടിയെ ഇളയമ്മ ബംഗ്ലൂരുവിലായിരുന്നു ആദ്യം എത്തിച്ചത്. പിന്നീട് ചെന്നൈയിലും അവിടെ നിന്ന് കൂടുതല്‍ വരുമാനം തേടി തിരുവന്തരപുരത്തും എത്തിക്കുകയായിരുന്നു.
പ്രതി നിഷാന്തിന്റെ ഉടമസ്ഥതയിലുള്ള കോവളത്തെ ഡ്രീംസ്, സജിത്തിൻ്റെ ഉടമസ്ഥതയിലുള്ള വിഴിഞ്ഞത്തെ ആയൂര്‍ കേരള, കേരള ആയുര്‍വേദ എന്നിവിടങ്ങളില്‍ കുട്ടിയെ ജോലിക്ക് നിയോഗിച്ചു. പീഡനം സഹിക്കാതെ സഹായം തേടിയ പെണ്‍കുട്ടിയെ, സ്പായിലെ മലയാളിയായ ജീവനക്കാരൻ രക്ഷപ്പെടുത്തി നെയ്യാര്‍ ഡാമിലെ വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു.
പെണ്‍കുട്ടിയെ കാണാനില്ലെന്ന ഇളയമ്മയുടെ പരാതിയില്‍ അന്വേഷിച്ച പൊലീസ് സുരക്ഷിതമായി നിലയില്‍ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി. ഇതോടെയാണ് പീഡന വിവരം പുറത്തറിയുന്നതും.






