പത്തനംതിട്ട: തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്സോ കേസ് പ്രതി പിടിയില്‍.
നിരണം ഇരതോട് ആശാകുടി പുതുവേല്‍ വീട്ടില്‍ സജിത്ത് (32) ആണ് പിടിയിലായത്.
ഇന്ന് വൈകിട്ട് 5 മണിയോടെയാണ് പിടികൂടിയത്. ഇയാളുടെ വീടിന് സമീപത്തുള്ള പാടശേഖരത്തിന് നടുവില്‍ സ്ഥിതി ചെയ്യുന്ന തുരുത്തില് നിന്നുമാണ് പിടികൂടിയത്.
ആളൊഴിഞ്ഞ കാടുമുടിക്കിടക്കുന്ന തുരുത്തിനുള്ളില്‍ ഇയാള്‍ ഒളിച്ചിരിക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് സംഘം തുരുത്ത് വളഞ്ഞ് വിദഗ്ധമായാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ തിരുവല്ല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് കൈവിലങ്ങ് ഊരി സ്റ്റേഷനില്‍ നിന്നും ചാടിപ്പോയത്.
ലോക്കപ്പ് സംവിധാനം ഇല്ലാതിരുന്നതിനാല്‍ സ്റ്റേഷന്റെ ഉള്‍വശത്തെ മുറിയിലെ തറയില്‍ ഘടിപ്പിച്ചിരുന്ന ഇരുമ്പ് വളയത്തില്‍ കൈവിലങ്ങ് ബന്ധിപ്പിച്ചാണ് ഇയാളെ സൂക്ഷിച്ചിരുന്നത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരുടെ കണ്ണുവെട്ടിച്ച് പ്രതി സ്റ്റേഷന്റെ മുൻ വാതിലില്‍ കൂടി ഓടി രക്ഷപ്പെടുകയായിരുന്നു.






