തിരുവനന്തപുരം: ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള നിർദേശം മറികടന്ന് ജിഎൻഎയുടെ ഓഫർ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
വൈദ്യുതി വാങ്ങല്‍ കരാറിലെ മുഴുവൻ ഫയലുകളും സർക്കാർ കത്തുകളും മന്ത്രിസഭാ കുറിപ്പുകളും പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെഎസ്ഇബിയുടെയും വകുപ്പ് മന്ത്രിയുടെയും വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെയും നിലപാടുകള്‍ മറികടന്നാണ് മുഖ്യമന്ത്രി തീരുമാനമെടുത്തതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വൈദ്യുതി വാങ്ങല്‍ കരാറുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്നതിന് പകരം ദുരൂഹതയും അവ്യക്തതയും സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പിണറായി വിജയൻ വാർത്താക്കുറിപ്പില്‍ പറഞ്ഞു. മുന്നിലെത്തിയ ഫയലിന്റെ അടിസ്ഥാനത്തിലാണ് അന്തിമ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി സമ്മതിച്ച സാഹചര്യത്തില്‍, കെഎസ്ഇബി സാങ്കേതികവും സാമ്പത്തികവുമായ പരിശോധന നടത്തി സർക്കാരിന് സമർപ്പിച്ച ഹിമാചല്‍ വൈദ്യുതി വാങ്ങാനുള്ള നിർദേശം എന്തിന്റെ അടിസ്ഥാനത്തിലാണ് അട്ടിമറിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെഎസ്ഇബി എം ഡിയായിരുന്ന രാജമാണിക്യം ഐ എ എസ് രേഖപ്പെടുത്തിയ കുറിപ്പിലെ ഏതാനും ഭാഗങ്ങള്‍ മാത്രം ഉയർത്തിക്കാട്ടിയതുകൊണ്ട് ബോർഡ് ഉന്നയിച്ച എതിർപ്പുകള്‍ ഇല്ലാതാകില്ലെന്നും പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് ഒന്നും മറയ്ക്കാനില്ലെങ്കില്‍ ബന്ധപ്പെട്ട ഫയലുകളും സർക്കാരിന് ലഭിച്ച കത്തുകളും പൂർണമായി പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.






