പെരുവ: അനധികൃത കശാപ്പും, കശാപ്പുശാലയില്‍ നിന്നു മാംസം വലിച്ചെറിയുന്നതും മൂലം മാര്‍ക്കറ്റിനകത്ത് തെരുവ് നായകള്‍ പെരുകുന്നു. പെരുവയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായശല്യവും ആക്രമണവും വര്‍ധിക്കുകയാണ്.
കഴിഞ്ഞ ദിവസം മാര്‍ക്കറ്റ് ജങ്ഷനില്‍ മധ്യവയസ്കന് തെരുവ് നായയുടെ കടിയേറ്റിരുന്നു.നടപടി എടുക്കേണ്ട പഞ്ചായത്ത് അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു.
പെരുവ മാര്‍ക്കറ്റില്‍ മാംസ സ്റ്റാളുകള്‍ ഉണ്ടെങ്കിലും ഇവിടെ കശപ്പു ചെയ്യാന്‍ അനുമതിയില്ല. വില്പനക്ക് മാത്രമേ അനുമതിയുള്ളു. എന്നാല്‍ ഇവിടെ ഇട്ടാണ് പോത്തിനെ കശാപ്പു ചെയ്യുന്നത്. ഇതിന്റെ അവശിഷ്ടങ്ങള്‍ നായകള്‍ക്ക് ഇട്ടു കൊടുക്കന്നതോടെ നായകള്‍ ഇവിടെ തമ്പടിക്കുകയാണ്.
പെരുവയിലും പരിസരങ്ങളിലും ആറും ഏഴും കുഞ്ഞുങ്ങളുമായി നിരവധി നായകള്‍ പ്രസവിച്ച് കിടപ്പുണ്ട്. ഇതെല്ലാം വളര്‍ന്ന് വരുമ്പോള്‍ തെരുവ് നായ ശല്യം വീണ്ടും വര്‍ധിക്കും.
മുളക്കുളം പഞ്ചായത്തില്‍ എ.ബി.സി പദ്ധതി നടപ്പാക്കണെമെന്നാവശ്യപ്പെട്ട് നായ പ്രേമികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കഴിഞ്ഞ ദിവസം ധര്‍ണ നടത്തിയിരുന്നു.






