കുമരകം: വഴിയിൽ നിന്ന് ലഭിച്ച 66,000 രൂപ അടങ്ങിയ പഴ്സ് ഉടമയ്ക്ക് തിരികെ നൽകിയ ജയശ്രീ സത്യസന്ധതയുടെ മാതൃകയായി.
കുമരകം ബസ് ബേയിൽ വന്നിറങ്ങി തന്റെ ജോലി സ്ഥലമായ കുമരകം ബെസ്റ്റ് ബേക്കറിയിലേക്ക് നടക്കുമ്പോൾ റോഡിൽ നിന്നു ലഭിച്ച പഴ്സ് തുറന്നു നോക്കിയ ജയശ്രീ ഞെട്ടി. നിറയെ 500 -ന്റെ നോട്ടുകൾ. ഉടൻ കടയിലെത്തി വിവരം പറഞ്ഞ ശേഷം പഴ്സ് കുമരകം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.
സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥരാണ് പണം എണ്ണി തിട്ടപ്പെടുത്തിയത്.66,000 രൂപയും എറ്റിഎം കാർഡും അധാർ കാർഡും ഉണ്ടായിരുന്നു.അധാർ കാർഡിലെ ഫോൺ നമ്പരിൽ ബന്ധപ്പെട്ടാണ് പോലീസ് ഉദ്യോഗസ്ഥർ ഉടമയെ കണ്ടെത്തിയത്. കെ റ്റി ഡി സി ജീവനക്കാരിയുടെ പണമാണ് നഷ്ടപ്പെട്ടത്. ജീവനക്കാരിയെ വിളിച്ചു വരുത്തി പണവും പഴ്സും തിരികെ നൽകി.
ചെങ്ങളം ഉസ്മാൻ കവലയിൽ തട്ടാരത്ത് നിഖിലിന്റെ ഭാര്യയാണ് ജയശ്രീ.ജയശ്രീയുടെ സത്യസന്ധതയും സാമൂഹിക ഉത്തരവാദിത്വബോധവും പ്രശംസനീയവും മാതൃകയുമാണന്ന് പോലീസ് പറഞ്ഞു.






