പാലാ: പാലായില്‍ സപ്ലൈകോ ഓണം ഫെയര്‍ തുടങ്ങി. വിലക്കുറവിന്റെ വിപണിയായ സപ്ലൈകോയുടെ സ്റ്റോറുകള്‍ ഗുണനിലവാരമുള്ള നിത്യോപയോഗ സാധനങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാല്‍ ഓണം ആഘോഷിക്കാന്‍ ജനങ്ങള്‍ ഉത്സാഹഭരിതരാണെന്ന് മാണി സി.കാപ്പന് എം.എല്‍.എ.
പാലാ നിയോജക മണ്ഡലത്തിലെ സപ്ലൈകോ ഓണം ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിലക്കുറവിന്റെ പെരുമഴയാണ് ഭക്ഷ്യ കിറ്റുകളിലൂടെ സപ്ലൈകോ ഒരുക്കിയിരിക്കുന്നത്. ഉത്സവ നാളുകളില്‍ സാധാരണയുള്ള വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഓണം ഫെയറുകള്‍ സഹായിക്കും.
പൊതുവിപണിയിലെ സര്‍ക്കാരിന്റെ ഇടപെടലുകള്‍ കൃത്രിമ ഭക്ഷ്യക്ഷാമവും പൂഴ്ത്തിവെപ്പും തടയുന്നതിന് ഫലപ്രദമായ നടപടികളാണന്നും അവശ്യസാധന ഭക്ഷ്യ കിറ്റുകള്‍, ഗിഫ്റ്റ് കാര്‍ഡുകള്‍, സമ്മാന പദ്ധതികള്‍ എന്നിവ ഓണം ഫെയറിന്റെ ഇപ്രാവശ്യത്തെ ആകര്‍ഷണമാണെന്നും എം.എല്‍.എ പറഞ്ഞു.
ഗിഫ്റ്റ് കാര്‍ഡ് സ്വീകരിച്ച് സമ്മാന പദ്ധതിയുടെ ഉദ്ഘാടനവും മാണി സി കാപ്പന് നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മായ രാഹുല്‍ അദ്ധ്യക്ഷത വഹിച്ചു.
ളാലം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് പ്ളാക്കൂട്ടം ആദ്യവില്പന നിര്‍വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ജോസിന് ബിനോ, എന്‍.സുരേഷ്, വി.എസ്. ജോര്‍ജുകുട്ടി, പി.കെ ഷാജകുമാര്‍ , അഡ്വ. ജി. അനീഷ്, ജോര്‍ജ് പുളിങ്കാട് , പീറ്റര്‍ പന്തലാനി, എം.പി കൃഷ്ണന് നായര്‍ ,വിജയകുമാര്‍,ചൈത്രം ശ്രീകുമാര്‍ , എം.കെ സൗമ്യാകുമാരി , എസ്. സുനിതാ കുമാരി എന്നിവര്‍ പ്രസംഗിച്ചു.






