പാലാ: നഗരസഭയിലെ അവിശ്വാസ പ്രമേയത്തില്‍ ഡി.സി.സി യുടെ പ്രശ്നപരിഹാര ചർച്ച പരാജയം.
സ്വതന്ത്ര മുന്നണിയെ പിന്തുണയ്ക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് കൗണ്‍സിലർമാർ. കോണ്‍ഗ്രസ് നിലപാടില്‍ എതിർപ്പുമായി ഘടകക്ഷികളും രംഗത്ത് വന്നിട്ടുണ്ട്.
അവിശ്വാസം നാളെ ചർച്ചക്ക് എടുക്കാനുള്ള തീരുമാനത്തിലാണ് നഗരസഭ. നഗരസഭ ചെയർപേഴ്സണ്‍ ദിയാ പുളിക്കങ്കണ്ടത്തിനുള്ള പിന്തുണ പിൻവലിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് പ്രമേയം പാസാക്കിയത്. ഇതോടെ യുഡിഎഫ് ഭരിക്കുന്ന നഗരസഭാ ഭരണം പ്രതിസന്ധിയിലായി.
പാലാ നഗരസഭയില്‍ എല്‍ഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസത്തെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് മുന്നേ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് വിപ്പ് നല്കിയാലും ചെയപേഴ്സണ്‍ എതിരായി നിലപാട് സ്വീകരിക്കുമെന്നാണ് കോണ്‍ഗ്രസ് കൗണ്‍സിലർമാരുടെ നിലപാട്.
പിന്നാലെ എല്‍ഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നല്കി. അവിശ്വാസം ഈ മാസം 21നാണ് പരിഗണിക്കുക. ഈ ഘട്ടത്തില്‍ അവിശ്വാസത്തെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലർ ബിജു മാത്യൂസ് പറഞ്ഞു
കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വിപ്പ് നല്കിയാലും ചെയർപേഴ്സനെതിരെ വോട്ട് ചെയ്യാനാണ് കൗണ്‍സിലർമാരുടെ തീരുമാനം. 26 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് 12ഉം യുഡിഎഫിന് 10ഉം കൗണ്‍സിലർമാരുണ്ട്. പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് പേരുടെ ഉള്‍പ്പടെ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് നഗരസഭ ഭരണം പിടിച്ചത്. അഞ്ച് അംഗങ്ങളുള്ള കോണ്‍ഗ്രസ് അവിശ്വാസത്തെ പിന്തുണച്ചാല്‍ യുഡിഎഫിന് നഗരസഭയില്‍ ഭരണം നഷ്ടമാകും.






