കോട്ടയം: മാനംതെളിഞ്ഞു, കാലവർഷത്തിന്റെ ആശങ്കകളില്ല. കാലാവസ്ഥ ഉള്‍പ്പെടെ അനുകൂലമായതോടെ ഓണം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് ടൂറിസം സംരംഭകർ.
വള്ളംകളി സീസണ് ഇരട്ടിഊർജ്ജമാണ്. നെഹ്റുട്രോഫി മത്സരവള്ളംകളിക്ക് പിന്നാലെ ചാമ്പ്യൻസ് ബോട്ട് ലീഗിന് തുടക്കമാകുന്നത് ടൂറിസംമേഖലയ്ക്ക് തുണയാകുമെന്നാണ് പ്രതീക്ഷ.
ഓണം സീസണ് മുന്നില്‍ക്കണ്ട് സഞ്ചാരികള്‍ക്കായി ടൂറിസം പാക്കേജുകളടക്കം റെഡിയാണ്. വിദേശ ടൂറിസ്റ്റുകളേയും ഇക്കുറി പ്രതീക്ഷിക്കുന്നുണ്ട്. വയനാട് മണ്ണിടിച്ചില്‍ ദുരന്തം ആശങ്കയായെങ്കിലും കാലവർഷം പെട്ടെന്ന് ശമിച്ചത് ടൂറിസംമേഖലയ്ക്ക് ഉണർവായി.
ഓണത്തിന് ശേഷം പൂജാവധിയുമായി ബന്ധപ്പെട്ട ബുക്കിംഗുമുണ്ട്. റിസോർട്ടുകള്‍ക്കും ഹൗസ് ബോട്ടുകള്‍ക്കും ഓണം സീസണിലെ ബുക്കിംഗ് ലഭിച്ചിട്ടുണ്ട്. ഓണം അവസാനിച്ചാലും സീസണ് തുടരും. വിനോദസഞ്ചാരികള്‍ക്കായി ഓണസദ്യയും പുലികളിയും മറ്റും ഒരുക്കാനാണ് റിസോർട്ടുകളുടെ തീരുമാനം. വെടിക്കെട്ടും മറ്റ് ആഘോഷങ്ങളുമുണ്ട്.
ജില്ലയിലേയ്ക്ക് ലക്ഷം സഞ്ചാരികള്‍
കുമരകം, വാഗമണ്‍, ഇല്ലിക്കല്‍ക്കല്ല് പ്രദേശങ്ങളില്‍ ഈ വർഷം ഒന്നരലക്ഷത്തോളം പേർ എത്തിയതായാണ് കണക്ക്. മലയോര ടൂറിസം ആസ്വദിക്കാൻ അന്യസംസ്ഥാനക്കാരുടെ തിരക്കാണ്. ഓണം മുതല്‍ ക്രിസ്മസ്, ന്യൂ ഇയർ വരെയുള്ള സീസണിനായി ഏജൻസികള്‍ വഴിയുള്ള പാക്കേജ് ബുക്കിംഗുകളാണ് ഏറെയും. എറണാകുളത്ത് നിന്ന് കുമരകത്ത് ഹൗസ്ബോട്ട് യാത്രയും റിസോർട്ടിലെ താമസവും കഴിഞ്ഞ് വാഗമണ്‍ വഴി മൂന്നാറിലേക്ക് പോകുംവിധമാണിത്.
ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍
1കുമരകം
2വാഗമണ്‍
3ഇലവീഴാപൂഞ്ചിറ
4ഇല്ലിക്കല്‍ക്കല്ല്
സംരഭകർക്ക് ശുഭപ്രതീക്ഷ
കാലാവസ്ഥയുമായി ബന്ധപ്പെട്ട വെല്ലുവിളികളില്ല
ഓണത്തെ തുടർന്ന് തുടർച്ചയായുള്ള അവധികള്‍
നെഹ്റു ട്രോഫി വള്ലംകളി,ചാമ്പ്യൻസ് ബോട്ട് ലീഗ്
ഓണം സീസണില്‍ നല്ല പ്രതീക്ഷയുണ്ട്. വിദേശികളെ കൂടതലായി പ്രതീക്ഷിക്കുന്നുണ്ട്.






