പാലക്കാട്: റെയില്‍വേ ഡിവിഷൻ വിഭജനത്തിനെതിരെ കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം. കേന്ദ്ര റെയില്‍വേ മന്ത്രിക്ക് മുഖ്യമന്ത്രി വി ഡി സതീശൻ ആണ് കത്ത് അയച്ചത്.
ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് കത്തിലൂടെ കേരളം ആവശ്യപ്പെട്ടു. ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കില്ലെന്നും കത്തില്‍ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ചും കേന്ദ്ര റെയില്‍വേ മന്ത്രിയെ അറിയിക്കും. തീരുമാനം പുനഃപരിശോധിക്കണമെന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണെന്നും കത്തില്‍ ഉണ്ട്.
തിരുവോണ ദിവസം പാലക്കാട് റെയില്‍വേ ഡിവിഷൻ ഓഫീസില്‍ യുഡിഎഫ് പ്രതിഷേധിക്കും. വിഭജന തീരുമാനത്തില്‍ പ്രതിഷേധിച്ച് തിരുവോണദിനത്തില്‍ പാലക്കാട് റെയില്‍വേ ഡിവിഷനുമുന്നില്‍ യുഡിഎഫ് എംപിമാർ നിരാഹാരമിരിക്കും. രണ്ടാം ഘട്ടത്തില്‍ പാർലമെന്റ് മാർച്ച് ഉള്‍പ്പെടെ നടത്താനാനാണ് ആലോചന. അതേസമയം ഇക്കാര്യത്തില്‍ നിലവില്‍ ഇടപെടേണ്ടതില്ല എന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. വിഷയത്തില്‍ യാഥാർത്ഥ്യം വിശദീകരിക്കാൻ മുതിർന്ന നേതാക്കളെ ബിജെപി ചുമതലപ്പെടുത്തി.
കേരളത്തിലെ ജനപ്രതിനിധികളെ പോലും അറിയിക്കാതെ റെയില്‍വേ പാലക്കാട് ഡിവിഷനിലെ മംഗളൂരു കേന്ദ്രീകരിച്ചുള്ള ഭാഗങ്ങള്‍ വെട്ടിമുറിച്ചതില്‍ പ്രതിഷേധം ശക്തം. വിഭജനം കർണാടക തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമെന്ന ആരോപണമാണ് കോണ്‍ഗ്രസിന്റേത്.






