കോട്ടയം: പാക്കനാരുടെ സ്മരണ പുതുക്കി പഴമയുടെയും ഗൃഹാതുരത്വത്തിന്റെയും ഓര്‍മകളുണര്‍ത്തി പാക്കില്‍ വാണിഭത്തിന് ഇന്ന് തുടക്കമായി. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വാണിജ്യ സംഗമത്തിനു പാക്കില്‍ ക്ഷേത്ര മൈതാനവും പരിസരങ്ങളും കച്ചവടസാധനങ്ങളാല് നിറഞ്ഞു .കര്‍ക്കിടകം ഒന്നുമുതല്‍ ചിങ്ങംവരെ നീളുന്ന പാക്കില്‍ വാണിഭമേള കാര്‍ഷികപ്പെരുമയുടെ ഉത്സവംകൂടിയാണ്. ചിങ്ങവനത്തിനു സമീപം പാക്കില്‍ ധര്‍മശാസ്താ ക്ഷേത്ര മൈതാനത്താണ് നാട്ടുചന്ത പഴമ തെറ്റാതെ നടക്കുന്നത്.
എല്ലാത്തരം വീട്ടുപകരണങ്ങളും സ്റ്റാളുകളില്‍ വാങ്ങാനുണ്ടാവും. ഉരല്, ഉലക്ക, അമ്മിക്കല്ല്, അരകല്ല്, ആട്ടുകല്ല്, കല്‍ചട്ടി, മണ്‍ചട്ടി, തൈര് കടഞ്ഞ് വെണ്ണയെടുക്കുന്ന മത്ത്, ചോറ് വാര്‍ക്കുന്ന തടിപ്പലക, നാഴി, ഇടങ്ങഴി, പറ, നെല്ല് ഉണക്കുന്ന ചിക്കു പായ, കിടക്കപ്പായ, വിശറി, ചാരുകസേര, അരകല്ല് തുടങ്ങിവയ്ക്കു പുറമെ ഫര്‍ണിച്ചറുകളും ഇവിടെയുണ്ടാകും. ഇവിടെ ലഭിക്കുന്ന നാടന്‍ കുടംപുളിക്ക് ആവശ്യക്കാര്‍ ഏറെയാണ്.
അവില്, മലര്, നാടന്‍കുത്തരി, പച്ചരി, കരിപ്പട്ടി, ശര്‍ക്കര, പഞ്ഞപ്പുല്ല്, കൂവപ്പൊടി എന്നിവയും വാങ്ങാം. നാടന്‍ വിത്തിനങ്ങളും കാര്‍ഷികോപകരണങ്ങളും സ്റ്റാളുകളില്‍ ലഭ്യമാണ്. കാലം മാറിയതോടെ വസ്ത്രം മുതല്‍ മൊബൈൽ ഫോൺ വരെ വിറ്റഴിയുന്നു. കുടുംബശ്രീ, കൃഷിഭവന്, തൊഴിലുറപ്പ് വിഭാഗങ്ങളുടെയും സ്റ്റാളുകളുമുണ്ടാകും. പാക്കില്‍ സംക്രമവാണിഭം ഇന്നും സജീവമായി നടന്നുവരികയാണ്.
പാക്കനാരും കുടുംബവും നാട് ചുറ്റുന്നതിനിടെ ഇവിടെ വന്നെന്നും ഈ സമയത്ത് നടന്ന ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠയിൽ വിഗ്രഹം ഉറയ്ക്കാതെ വരികയും പാക്കനാർ " ഇവിടെ പാർക്ക് " എന്നു പറഞ്ഞ് വിഗ്രഹം ഉറപ്പിച്ചെന്നുമാണ് ഐതിഹ്യം. അങ്ങനെയാണ് പാക്കിൽ എന്നു പേര് വന്നത്.
അന്നു മുതൽ കർക്കിടകം ഒന്നിന് പാക്കനാരുടെ പിൻമുറക്കാർ ഇവിടെ വന്ന് തമ്പടിക്കാറുണ്ട്. അവരുടെ പരമ്പരാഗത കുലത്തൊഴിലായ കുട്ടയും മുറവും നെയ്ത് ഇവിടെ വിൽപ്പന നടത്തി വന്നു. അങ്ങനെയാണ് പാക്കിൽ സംക്രമ വാണിഭത്തിന്റെ തുടക്കമെന്നാണ് പറയപ്പടുന്നത്. ഇന്നും പാക്കനാരുടെ പിൻമുറക്കാർ ഇവിടെ അവരുടെ ഉത്പന്നങ്ങൾ വിൽക്കാൻ വരുന്നുണ്ട്.






