പത്തനംതിട്ട : ജിഎന്‍എ കരാറില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്. വൈദ്യുതി മന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിക്കുകയാണെന്നും ആവശ്യമായ വൈദ്യുതി ഉണ്ടായിട്ടും കൃത്രിമമായ വൈദ്യുതിക്ഷാമം സൃഷ്ടിച്ചെന്നും പി ജയരാജന് ആരോപിച്ചു. മുന്നണിഭരണത്തില്‍ പാലിക്കേണ്ട മര്യാദ മുഖ്യമന്ത്രി വിഡി സതീശന് പാലിച്ചില്ലെന്നും പി ജയരാജന് പറഞ്ഞു.
'കേരളത്തിലെ സതീശന് സര്‍ക്കാര്‍ ആറ് മാസത്തിനകം കൂട്ടുത്തരവാദിത്തം ഇല്ലാത്ത സര്‍ക്കാര്‍ ആണെന്ന് തെളിയിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കൂട്ടുത്തരവാദിത്തം വേണമെന്നത് ഭരണഘടനാപരമായ കാര്യമാണ്. ഞാനൊന്നുമറിയില്ല, മുഖ്യമന്ത്രിയാണ് തീരുമാനം എടുത്തതെന്നാണ് വൈദ്യുതി മന്ത്രി ഒടുവില്‍ പറഞ്ഞത്. ഇപ്പോള്‍ ആളുകള്‍ പരിഹസിക്കുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് കറന്റ് കട്ട് ഏര്‍പ്പെടുത്തിയത്. ആവശ്യമായ വൈദ്യുതി ഉണ്ടായിട്ട് പോലും കൃത്രിമമായി വൈദ്യുതി ക്ഷാമം സൃഷ്ടിച്ചാണ് ഇത്തരമൊരു കരാര്‍ ഉണ്ടാക്കിയത്. മുന്നണി ഭരണത്തില്‍ പാലിക്കേണ്ട മര്യാദയും സതീശന് പാലിക്കുന്നില്ലെന്ന് മറ്റുഘടകക്ഷികളിലെ മന്ത്രിമാരും പറഞ്ഞുതുടങ്ങി. മന്ത്രിയറിയാത്ത തീരുമാനങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയാണ്', പി ജയരാജന് ആരോപിച്ചു.
അതേസമയം ജിഎന്എയില് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാനം തല്ക്കാലം പിന്‍വാങ്ങിയെങ്കിലും സര്‍ക്കാരിന് എതിരെ ശക്തമായി രംഗത്തിറങ്ങിയിരിക്കുകയാണ് പ്രതിപക്ഷം. ജുഡീഷ്യല്‍ അന്വേഷണമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പങ്ക് അന്വേഷിക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.






