ഗൃഹാതുര സ്മരണകളുയർത്തി മലയാളികൾക്ക് ഇന്ന് തിരുവോണം. കാലം എത്ര മാറിയാലും ഓണാഘോഷങ്ങളുടെ പ്രസക്തിക്ക് ഒട്ടും കുറവ് വന്നിട്ടില്ല.
സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായ തിരുവോണം, പഴമയെയും പുതുമയെയും സമന്വയിപ്പിച്ച് ലോകമെമ്പാടുമുള്ള മലയാളികൾ ആഘോഷിക്കുന്നു. മഹാബലി ചക്രവർത്തി തന്റെ പ്രജകളെ കാണാൻ വരുന്ന ദിവസമാണ്
തിരുവോണം എന്നാണ് ഐതിഹ്യം.
ഓണം മലയാളികളെ സംബന്ധിച്ച് ഒരു പ്രധാന ഉത്സവമാണ്. പൂക്കളവും പുലികളിയും ഓണസദ്യയും ഊഞ്ഞാലാട്ടവുമെല്ലാം ഈ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നു.
ചിങ്ങമാസത്തിലെ അത്തം മുതൽ പത്തുദിവസങ്ങളിലായി ഓണാഘോഷങ്ങൾ നടക്കുന്നു. തിരുവോണനാളിലാണ് ആഘോഷങ്ങൾ അതിന്റെ പാരമ്യത്തിലെത്തുന്നത്, തുടർന്ന് ചതയം നാൾ വരെ അവ നീണ്ടുനിൽക്കുകയും ചെയ്യുന്നു.
തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനമായി കണക്കാക്കപ്പെടുന്നത്. അത്തപ്പൂക്കളം ഒരുക്കുന്നത് തൃക്കാക്കരയപ്പനെ എഴുന്നള്ളിയിരുത്തുന്നതിന് വേണ്ടിയാണെന്നും ഐതിഹ്യമുണ്ട്.
തിരുവോണച്ചടങ്ങുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് തൃക്കാക്കര ക്ഷേത്രത്തിൽ മഹാബലി ചക്രവർത്തിയെ വരവേൽക്കുന്ന ചടങ്ങാണ്.
വാമനന്റെ കാൽപാദം പതിഞ്ഞ ഭൂമി എന്ന അർത്ഥത്തിലാണ് 'തൃക്കാൽക്കര' എന്ന പേരുണ്ടായതെന്ന് ഐതിഹ്യം സൂചിപ്പിക്കുന്നു. വാമനപ്രതിഷ്ഠയുള്ള ഏക പുരാതന കേരള ക്ഷേത്രം തൃക്കാക്കരയാണ്.
ഓണത്തോടനുബന്ധിച്ച് കുട്ടികൾക്കും മുതിർന്നവർക്കും പുതിയ വസ്ത്രങ്ങൾ (കോടിവസ്ത്രം) വാങ്ങി നൽകുന്ന ഒരു ചടങ്ങ് കേരളത്തിലുടനീളം നിലവിലുണ്ട്.
കുട്ടികൾക്കായി വാങ്ങുന്ന ചെറിയ മുണ്ടിനെ ഓണമുണ്ട് എന്ന് വിളിക്കുന്നു. സാധാരണയായി കൈത്തറിയിൽ നെയ്ത കസവുകരയുള്ള ഒറ്റമുണ്ടാണ് ഇതിനായി ഉപയോഗിക്കുന്നത്.






