കോട്ടയം: ഒല സ്കൂട്ടര്‍ ഷോറൂമിനു മുന്നിൽ ഓല കത്തിച്ച് വാഹന ഉടമകളുടെ പ്രതിഷേധം. ഒല സ്കൂട്ടറുകള് സര്‍വീസ് സെന്ററുകളില്‍നിന്നു കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്തി നൽകാത്തതിൽ പ്രതിഷേധിച്ചാണ് കോട്ടയം ജില്ലയിലെ ഒല ബയേഴ്സ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മണിപ്പുഴയിലെ ഷോറൂമിനു മുന്നില്‍ തെങ്ങോല കത്തിച്ചു പ്രതിഷേധിച്ചത്.
ഓല കത്തിക്കുന്നുവെന്നു കേട്ടപ്പോള്‍ ഉപയോഗശൂന്യമായി കിടക്കുന്ന സ്കൂട്ടറുകളാണ് അഗ്നിക്കിരയാക്കുന്നതെന്നു തെറ്റിദ്ധരിച്ചു ഇതു കാണാനായി നാട്ടുകാരും അപകടസാധ്യത കണക്കിലെടുത്തു പോലീസ്, ഫയര്‍ഫോഴ്സ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍, പീന്നിടാണ് ഒല സ്കൂട്ടറുകള് അല്ല മറിച്ചു തെങ്ങോലയാണ് പ്രതിഷേധക്കാര്‍ കത്തിക്കുന്നതെന്നു മനസിലായത്.
ജില്ലയില്‍ ഒല സ്കൂട്ടറിന്റെ കാഞ്ഞിരപ്പള്ളിയിലുള്ള ഒരെണ്ണം ഒഴികെ മുഴുവന്‍ സര്‍വീസ് സെന്ററുകളും ഏതാനും മാസങ്ങളായി കമ്പനി അടച്ചുപൂട്ടിയിരിക്കുകയാണ്. സ്പെയര്‍ പാർട്സ് കിട്ടാനില്ലെന്നാണ് സര്‍വീസ് സെന്ററിലെ ജീവനക്കാര്‍ പറയുന്നത്. ഓരോ സര്‍വീസ് സെന്ററുകളിലും നിരവധി ഒല സ്കൂട്ടറുകളാണ് സര്‍വീസ് കാത്തിരിക്കുന്നത്. സര്‍വീസ് സെന്ററുകളില്‍ വെറുതെ കിടന്നു നശിക്കുന്ന പല സ്കൂട്ടറുകള്‍ക്കും ഉടമകള്‍ ഇഎംഐ അടയ്ക്കുന്നതായും പറയുന്നു.
എല്ലാ സര്‍വീസ് സെന്ററുകളും പ്രവര്‍ത്തനക്ഷമമാക്കുക, സ്പെയര്‍ പാര്‍ട്സ് ക്ഷാമം പരിഹരിക്കുക, കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ ഉടന്‍ റിപ്പയര്‍ ചെയ്തു കൈമാറുക, ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, ഉപഭോക്ത്യ കേന്ദ്രീകൃതമായി ഇലക്ട്രിക്കല്‍ വെഹിക്കിള്‍ പോളിസി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്. നേരത്തെ കളക്ടറേറ്റിലേക്ക് ഒല സ്കൂട്ടറുകള് തള്ളി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.






