കൊച്ചി : ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഡോ. എംകെ റാമിൻ്റെ അറസ്റ്റിൽ പൊലീസ് വീഴ്ച വരുത്തിയ സംഭവത്തിൽ സർക്കാരിനെ വീണ്ടും കുടഞ്ഞ് ഹൈക്കോടതി. അറസ്റ്റിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. 'അച്ചടക്ക നടപടിയെന്തെന്ന് കോടതിയെ പഠിപ്പിക്കരുത്. അച്ചടക്ക നടപടിയുടെ ചട്ടങ്ങൾ നന്നായി എനിക്കറിയാം. ഈ പണി തുടങ്ങിയിട്ട് കുറച്ചായി' എന്നും ജസ്റ്റിസ് ബദറുദ്ദീൻ പറഞ്ഞു.
ഡിവൈഎസ്പിയുടേത് ഗുരുതര വീഴ്ച എന്ന് സർക്കാർ തന്നെ പറയുന്നു. ഡിവൈഎസ്പി ഗുരുതര വീഴ്ച വരുത്തിയിട്ട് അന്വേഷണം മാത്രം മതിയോ എന്ന് ചോദിച്ച കോടതി ഇത്തരം ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ആദ്യം സസ്പെൻഡ് ചെയ്യണമെന്നും നിരീക്ഷിച്ചു. അതേസമയം ഡിവൈഎസ്പിക്കെതിരെ അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് സര്‍ക്കാര്‍ കോടതിയിൽ വാക്കാൽ അറിയിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം സസ്പെന്‍ഡ് ചെയ്യാനാകുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നടപടിക്രമം പാലിച്ചില്ലെങ്കില്‍ തീരുമാനം ചോദ്യം ചെയ്യപ്പെടാമെന്ന് സര്‍ക്കാറിൻ്റെ മറുപടി.
പ്രതിയെ അറസ്റ്റ് ചെയ്താലും കോടതി ജാമ്യം കൊടുക്കും അതുകൊണ്ട് പ്രതിയെ അറസ്റ്റ് ചെയ്തില്ല എന്ന് പറയുന്നതുപോലെ ആണ് സർക്കാർ നിലപാടെന്ന് കോടതി വിമർശിച്ചു. കോടതി തീരുമാനിക്കുന്നതില്‍ ആശങ്ക എന്തിനെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. സര്‍ക്കാര്‍ ചെയ്യാനുള്ളത് സര്‍ക്കാര്‍ ചെയ്യണം. ഇത്തരം ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ആദ്യം സസ്പെന്‍ഡ് ചെയ്യണം. നിങ്ങളുടെ ജോലി നടപടിയെടുക്കുക എന്നതാണെന്നും സര്‍ക്കാരിനോട് ഹൈക്കോടതി പറഞ്ഞു.






