ഐടിഐ യോഗ്യതയുള്ള യുവാക്കള്‍ക്ക് റെയില്‍വേയില്‍ പ്രായോഗിക പരിശീലനം നേടാൻ സുവർണാവസരം.
നോർത്ത് ഫ്രണ്ടിയർ റെയില്‍വേ അപ്രന്റീസ് നിയമനത്തിനായുള്ള വിജ്ഞാപനം പുറത്തിറക്കി. വിവിധ ഡിവിഷനുകളിലും വർക്ക്ഷോപ്പുകളിലുമായി 6777 ഒഴിവുകളാണ് ഉള്ളത്.
ബീഹാർ, ആസാം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫിറ്റർ, ഇലക്ട്രീഷൻ, വെല്‍ഡർ, ടർണർ, മെഷീനീസ്റ്റ്, പ്ലംബർ, കാർപ്പന്റർ എന്നിവയുള്‍പ്പെടെ നിരവധി ട്രേഡുകളില്‍ അപേക്ഷിക്കാം. യോഗ്യതയായി അംഗീകൃത ബോർഡില്‍ നിന്ന് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം.
അതോടൊപ്പം ബന്ധപ്പെട്ട ട്രേഡില്‍ അംഗീകൃത ഐടിഐ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. 15 വയസ് മുതല്‍ 24 വയസ് വരെയുള്ള ഉദ്യോഗാർഥികള്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമപ്രകാരമുള്ള ഇളവ് ലഭിക്കും.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 19 ആണ്.
ജൂലൈ 20 മുതല്‍ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. തെരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികള്‍ക്ക് അപ്രന്റീസ് ആക്ട് പ്രകാരം സ്റ്റൈപെൻഡ് ലഭിക്കും. നിലവില്‍ 9000 രൂപ മുതല്‍ 12,500 രൂപ വരെയാണ് പ്രതിമാസ സ്റ്റൈപെൻഡ്.മിക്ക ട്രേഡുകള്ക്കും പരിശീലന കാലയളവ് ഒരു വർഷമാണ്.
ചില പ്രത്യേക ട്രേഡുകള്‍ക്ക് ആറ് മാസം വരെ പരിശീലന കാലാവധി ഉണ്ടായിരിക്കും. റെയില്‍വേയില്‍ സ്ഥിര ജോലി നേടാൻ ആഗ്രഹിക്കുന്ന ഐടിഐ വിദ്യാർഥികള്‍ക്ക് ഈ അപ്രന്റീസ്ഷിപ്പ് വലിയ മുൻതൂക്കം നല്‍കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് റെയില്‍വേ റിക്രൂട്ട്മെന്റില്‍ അധിക മാർക്കും പരിഗണനയും ലഭിക്കുന്നതാണ്.






