ലക്നൗ : നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ അകപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നദിയിലൂടെ ഒഴുകി ഇന്ത്യയിലെത്തുന്നതായി റിപ്പോർട്ട്.
വെള്ളിയാഴ്ച ഉത്തർപ്രദേശ് സംസ്ഥാനത്ത് നിന്ന് ഏഴ് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു.
മഹാരാജ്ഗഞ്ച്, കുശിനഗർ ജില്ലകളില്‍ നിന്നാണ് നേപ്പാളില്‍ നിന്ന് ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ദുരന്തമുണ്ടായ ചിത്വാൻ മേഖലയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളാണിവ. മഹാരാജ്ഗഞ്ചില് നിനന് തിരിച്ചറിയാൻ കഴിയാത്ത നാല് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇവ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
കുശിനഗർ ജില്ലയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഈ മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല.
അതേസമയം നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 579 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. 1400ഓളം പേരെ കാണാതായി. നേപ്പാളില്‍ നിന്ന് ജലം ഒഴുകിയെത്തുന്ന മഹാരാജ്ഗഞ്ചിലെ നദികളില്‍ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുകയാണ്.
ജലനിരപ്പ് തുടർച്ചയായി നിരീക്ഷിച്ചു വരികയാണെന്ന്ന ജില്ലാ ഭരണകൂടം അറിയിച്ചു. പാട്നയില്‍ ഒന്നിലേറെ സ്ഥലങ്ങളില്‍ ഗംഗാനദി അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്.






