പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് വിലയിരുത്തിയ കോടതി, പ്രതിക്ക് മാനസാന്തരപ്പെടാൻ യാതൊരു സാധ്യതയുമില്ലെന്നും കൊലപാതകത്തെ തുടർച്ചയായി ന്യായീകരിച്ചെന്നും നിരീക്ഷിച്ചു. കൊല്ലപ്പെട്ട സുധാകരന്റെ രണ്ടാമത്തെ കുട്ടിക്ക് സർക്കാർ ജോലി നൽകണമെന്നും മക്കളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
വ്യക്തമായ ആസൂത്രണത്തോടെയാണ് പ്രതി കൊലപാതകം നടത്തിയതെന്ന് കോടതി കണ്ടെത്തി. കുറ്റകൃത്യത്തിന് ശേഷം വിഷം കഴിച്ചുവെന്ന പ്രതിഭാഗത്തിന്റെ വാദത്തിന് തെളിവില്ലെന്നും പ്രതിക്ക് മാനസിക തകരാറുകളില്ലെന്നും കോടതി വ്യക്തമാക്കി. കൊലക്കുറ്റം തെളിഞ്ഞ സാഹചര്യത്തിലാണ് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ചത്.
പ്രതിക്ക് 20 ലക്ഷം രൂപ പിഴയും വിധിച്ചു. വഴി തടഞ്ഞുനിർത്തിയ കുറ്റത്തിന് ഒരു മാസത്തെ ജയിൽശിക്ഷയും അനുഭവിക്കണം. പ്രതിയുടെ വീട് ഭാര്യയുടെ പേരിലായതിനാൽ പിഴത്തുക ലഭ്യമാക്കുന്നതിന് സർക്കാർ സഹായം നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
പ്രതി പരോളിൽ പുറത്തിറങ്ങാനുള്ള സാഹചര്യമുണ്ടായാൽ സാക്ഷികൾക്കും ഇരകൾക്കും സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. വെറും 58 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച അന്വേഷണ സംഘത്തെ കോടതി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
അതേസമയം, വധശിക്ഷ ഉൾപ്പെടെയുള്ള വിചാരണക്കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അറിയിച്ചു. ആയുധത്തിൽ നിന്ന് പ്രതിയുടെ രക്തസാമ്പിൾ കണ്ടെത്തിയെങ്കിലും ശരീരത്തിൽ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും തെളിവുകൾ ഇഴകീറി പരിശോധിച്ചിട്ടില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.






