പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെ നിർണായക പ്രതികരണവുമായി പ്രോസിക്യൂഷനും കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കളും. പ്രതിക്ക് അർഹിച്ച ശിക്ഷ തന്നെയാണ് ലഭിച്ചതെന്നും കോടതി വിധി സമൂഹത്തിന് ശക്തമായ സന്ദേശമാണ് നൽകുന്നതെന്നും പ്രോസിക്യൂഷൻ പ്രതികരിച്ചു.
ചെന്താമരയെ ഭയന്ന് കേസിലെ സാക്ഷികൾ പോലും കോടതിയിലെത്താൻ മടിച്ചിരുന്നുവെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ വെളിപ്പെടുത്തി. ‘എല്ലാവർക്കും പേടിയായിരുന്നു. ഞങ്ങൾ വരണോ എന്നായിരുന്നു പലരുടെയും ചോദ്യം. അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി കോടതിയിലെത്തിക്കാനാണ് ഏറെ ബുദ്ധിമുട്ടിയത്,’ അഭിഭാഷകൻ പറഞ്ഞു. ചെന്താമരയ്ക്ക് പരോളിനുള്ള സാധ്യത പോലുമില്ലെന്നും ഇളയ കുട്ടിക്ക് ജോലി ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകണമെന്ന് കോടതി വിധിയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘അയാൾക്ക് വധശിക്ഷ ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. ഇപ്പോഴും അയാൾക്ക് ഒരു മാറ്റവുമില്ല. ഒന്നിനെയും പേടിയുമില്ല. അയാൾ അതിനുള്ളിൽ കിടന്ന് അനുഭവിക്കണം. തൂക്കുകയർ വിധിച്ചതിൽ സന്തോഷമുണ്ട്,’ സുധാകരന്റെയും സജിതയുടെയും മക്കൾ പ്രതികരിച്ചു. പ്രതിഭാഗം അപ്പീലിന് പോയാൽ ആവശ്യമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി.
കോടതിയിൽ പൂർണ വിശ്വാസമുണ്ടായിരുന്നുവെന്നും ആ വിശ്വാസം കോടതി കാത്തുവെന്നും മക്കൾ പറഞ്ഞു. കോടതിക്കും അഭിഭാഷകർക്കും മാധ്യമങ്ങൾക്കും തങ്ങൾക്കൊപ്പം നിന്ന എല്ലാവർക്കും അവർ നന്ദി അറിയിച്ചു.
അതേസമയം, ഇനി സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകില്ലെന്ന നിലപാടിലാണ് മക്കൾ. അച്ഛന്റെയും കുടുംബത്തിന്റെയും ഓർമകൾ നിറഞ്ഞ നാട്ടിലേക്ക് തിരിച്ചെത്തുമ്പോൾ പഴയ വേദനകൾ വീണ്ടും വേട്ടയാടുമെന്നും അതിനാൽ അങ്ങോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പറഞ്ഞു. കോടതി വിധിച്ച പിഴത്തുക ജീവിതത്തിന് ആശ്വാസമാകുമെന്നും മക്കൾ കൂട്ടിച്ചേർത്തു.






