കോട്ടയം: സംസ്ഥാനത്ത് നെല്ല് സംഭരണം തുടങ്ങി ഒരു മാസമായിട്ടും സംഭരണ വില പ്രഖ്യാപിക്കാത്ത സർക്കാർ നടപടി ദുരൂഹമാണെന്ന് മുൻ എംഎൽഎ അഡ്വ. ജോബ് മൈക്കിൾ.
നെൽ കർഷക യൂണിയൻ (എം) സംസ്ഥാന കമ്മിറ്റി ഉദ്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം. പാലക്കാട് കോട്ടയം ആലപ്പുഴ ജില്ലകളിൽ നെല്ല് സംഭരണം തുടങ്ങി ഒരു മാസം ആയിട്ടും, കേന്ദ്രസർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയ്ക്ക് ആനുപാതികമായി വില വർദ്ധിപ്പിക്കാത്ത സർക്കാർ നടപടി സ്വകാര്യ മില്ലുടമകളെ സഹായിക്കുവാനാണ്.
സംസ്ഥാന കൃഷി, സിവിൽ സപ്ലൈസ് വകുപ്പുകൾ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ധന വകുപ്പ് അനങ്ങുന്നില്ല.
സർക്കാരിന്റെ അലംഭാവം കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു എന്നും ഒരാഴ്ചയ്ക്കകം നെല്ലിന്റെ സംഭരണ വില പ്രഖ്യാപിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ഷെയിൻ ജോസഫ് കാരക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോസുകുട്ടി കവലക്കൽ, ജോസ് ജെയിംസ് കണ്ണന്തറ, ടോം ജോസഫ് ചമ്പക്കുളം, വക്കച്ചൻ മണ്ണത്താലില്, ബിജു പറപ്പള്ളിൽ, അഡ്വ. രാജൻ കെ നായർ, ജോസി പുതുവന, ജോജോ സ്കറിയ കവലക്കൽ, സി എം മോനിച്ചൻ എന്നിവർ പ്രസംഗിച്ചു.






