ഡല്‍ഹി: നീറ്റ് -യുജി പരീക്ഷാക്രമക്കേടിനെതിരായ പ്രതിഷേധങ്ങളില്‍ വിദ്യാർത്ഥികള്‍ക്കെതിരായ എഫ്ഐആറുകള്‍ പിൻവലിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി.
ജൂലായ് 20ന് ഡല്‍ഹിയിലെ ജന്തർമന്ദറില്‍ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ഹർജികള്‍ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
നിയമപരമായി സാദ്ധ്യമാകുന്നിടത്തോളം വിദ്യാർത്ഥി പ്രതിഷേധക്കാർക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ പിൻവലിക്കാൻ സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ദ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനങ്ങളിലുടനീളം രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്ഐആറുകള്‍ ആദ്യം തരംതിരിക്കണമെന്നും തുടർന്ന് ഓരോ കേസിലും ഉചിതമായ നിയമനടപടിക്രമങ്ങള്‍ സ്വീകരിക്കാമെന്നും ബെഞ്ച് നിർദ്ദേശിച്ചു.
കൊലപാതകം, ബലാത്സംഗം, ഭീകരവാദം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏർപ്പെട്ടിരിക്കുന്നവർക്ക് മാത്രമാണ് ക്രിമിനല്‍ പശ്ചാത്തലം എന്ന പദപ്രയോഗം ബാധകമാവുക എന്നും കോടതി വ്യക്തമാക്കി. വാദത്തിനിടയില്‍ സമരങ്ങളില്‍ നിന്നുണ്ടാകുന്ന പ്രശ്നങ്ങള്‍ അന്വേഷിക്കാൻ ഉന്നതതല സമിതിയെ രൂപീകരിക്കാൻ സാദ്ധ്യതയുണ്ടെന്നും സുപ്രീംകോടതി സൂചിപ്പിച്ചു.
നിയമപാലക സംവിധാനങ്ങള്‍ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്രമായ ഒരു പ്രോട്ടോക്കോള്‍ രൂപീകരിക്കാൻ ഉദ്ദേശിക്കുന്നതായും ബെഞ്ച് വ്യക്തമാക്കി. പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കാമോ അങ്ങനെയാണെങ്കില്‍ ഏത് സാഹചര്യങ്ങളിലാണ് എന്നൊക്കെ കോടതി തീരുമാനിക്കുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. തുടർവാദത്തിനായി കേസ് ഓഗസ്റ്റ് 18ലേക്ക് മാറ്റി.






