കാസർഗോഡ്: യുക്രെയ്നില്‍ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മർച്ചന്റ് നേവി നാവികൻ കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശി അഖില്‍ ജോയന് വിട നല്കി നാട്.
വെള്ളരിക്കുണ്ട് എ.കെ.ജി നഗറിലെ വാളിപ്ലാകല് വീട്ടിലും വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫോറോന ദേവാലയത്തിലും പ്രാർത്ഥന ശുശ്രൂഷകള്‍ക്ക് ശേഷം മൃതദേഹം സംസ്കരിച്ചു. ഒഡേസ തീരത്തു വെച്ച് ജൂലൈ 19 നുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ആണ് അഖില്‍ ഉള്‍പ്പെടെ 10 കപ്പല്‍ ജീവനക്കാർ കൊല്ലപ്പെട്ടത്.
36 ദിവസത്തെ കാത്തിരിപ്പിനോടുവിലാണ് നാവികൻ അഖില്‍ ജോയന്റെ മൃതദേഹം നാട്ടില്‍ എത്തിയത്. ഉച്ചക്ക് ഒരു മണിയോടെ വീട്ടിനകത്തേക്ക് മൃതദേഹം അത് വരെ എല്ലാം സഹിച്ചിരുന്ന അമ്മ സാലിയുടെയും അച്ഛൻ ജോയന്റെയും ദുഃഖം അണപ്പൊട്ടി.
വീട്ടിലെ പ്രാർത്ഥന ശുശ്രൂഷകള്‍ക്കു ശേഷം പൊതുദർശനത്തിന് വെച്ചു. എം പി, എം.എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളും ജില്ലാ.കളക്ടറുള്‍പ്പെടെ ഉള്ളവരും അന്തിമോപചാരം അർപ്പിച്ചു.
തുടർന്ന് വെള്ളരിക്കുണ്ട് ലിറ്റില്‍ ഫ്ലവർ ഫൊറോന പള്ളിയില്‍ എത്തിച്ച മൃതദേഹം 3 മണി വരെ പള്ളി അങ്കണത്തില്‍ പൊതുദർശനത്തിന് വെച്ചു. പ്രിയപ്പെട്ടവനെ അവസാനമായി ഒരു നോക്ക് കാണാൻ നാട് ഒന്നടങ്കം പള്ളിയിലെത്തിയിരുന്നു. വൈകിട്ട് 3 മണിയോടെ പള്ളിയിലെ സംസ്കാര ശുശ്രൂഷകള്‍ പൂർത്തിയാക്കി മൃതദേഹം ലിറ്റില്‍ ഫ്ലവർ പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു.






