കോഴിക്കോട്: കോളേജ് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷ സമാന സാഹചര്യം ഉണ്ടാക്കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വ്യത്യസ്ത അച്ചടക്ക നടപടിയുമായി നാദാപുരം ഗവണ്മെന്റ് കോളേജ്.
താലൂക്ക് ആശുപത്രിയില്‍ 20 മണിക്കൂര്‍ നിര്‍ബന്ധിത സാമൂഹ്യ സേവനം ചെയ്യണമെന്നാണ് അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ സ്വീകരിച്ചിരിക്കുന്ന നടപടി.
നവംബര്‍ നാലിനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുന്നത്.
സാമൂഹ്യ സേവനം നടത്തിയത് തെളിയിക്കുന്ന സാക്ഷ്യപത്രവും നവംബര്‍ 16ന് മുമ്പ് കോളേജില്‍ ഹാജരാക്കണം.
കൂടാതെ കോളേജിലെ ജീവനി കൗണ്‍സിലര്‍ക്ക് മുമ്പാകെ കൗണ്‍സിലിങിന് വിധേയമാകണമെന്നും ഉത്തരവിലുണ്ട്.
ഈ നടപടികള്‍ നവംബര്‍ 16ന് മുമ്പ് പൂര്‍ത്തിയാക്കണമെന്നും രക്ഷിതാവിനൊപ്പം പ്രന്‍സിപ്പല്‍ മുമ്പാകെ മാപ്പപേക്ഷ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
ഈ അച്ചടക്ക നടപടി വിശദീകരിച്ചുകൊണ്ട് പ്രിന്‍സിപ്പാള്‍ ലിയാഖത്ത് അലി ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു.
വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്താല്‍ അത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുതലെടുപ്പിനുള്ള അവസരമാകുമെന്നാണ് പ്രിന്‍സിപ്പലിന്റെ നിലപാട്.
വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് കൊടുത്താലും അധ്യാപകര്‍ ഭാവി നശിപ്പിക്കുന്നു എന്ന വാദം ഉണ്ടാകുമെന്നും അതും മുതലെടുപ്പിന് വഴി വെക്കുമെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
ഫൈന്‍ ആണ് അച്ചടക്ക നടപടി ആയി സ്വീകരിക്കുന്നതെങ്കില്‍ പണം ഉള്ളവന് എന്തും ആകാം എന്ന സന്ദേശമാകും നല്‍കുന്നത്.
വിദ്യാര്‍ഥികളെ നിയമലംഘനത്തില്‍ നിന്നും അക്രമത്തില്‍ നിന്നും തടയാന്‍ ഇത്തരം നടപടികള്‍ കാര്യമായി സഹായിക്കുന്നില്ല.
അതിനാലാണ് ഇത്തരത്തില്‍ ഒരു ആശയത്തിലേക്ക് എത്താന്‍ കാരണമെന്നാണ് പ്രിന്‍സിപ്പല്‍ ചൂണ്ടിക്കാട്ടുന്നത്.






