തിരുവനന്തപുരം: കേരളം ഭരിക്കുന്നത് സംഘപരിവാർ ബി ടീമെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ടുണ്ടെന്നും അതിനെയാണ് താൻ സംഘപരിവാർ ബി ടീം എന്ന് വിശേഷിപ്പിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കെതിരായി നിലപാട് സ്വീകരിക്കുന്നതെന്നും അതിനെ പിന്തുണയ്ക്കുകയാണ് കേരളത്തിലെ യുഡിഎഫ് സർക്കാരെന്നും എംവി ഗോവിന്ദൻ വിമർശിച്ചു.
നേരത്തെ ഇത്തരം നിർദേശങ്ങള്‍ തമിഴ്നാട്, പഞ്ചാബ് സർക്കാരുകള്‍ക്ക് ഇഡി നല്കിയപ്പോള് അവർ അത് തള്ളികളയുകയായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ അതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് കേരളത്തിലെ യുഡിഎഫ് സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെയും മന്ത്രി പിഎ മുഹമ്മദ് റിയാസിനെയും കേസിന്റെ ഭാഗമാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നിലവില്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.






