വയനാട്: മുട്ടില്‍ മരം മുറി കേസില്‍ വനം വകുപ്പ് സമർപ്പിച്ച കുറ്റപത്രം വയനാട് സുല്‍ത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.
കേസില്‍ അഞ്ച് വർഷത്തിന് ശേഷമാണ് വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചത്. ആദ്യം കുറ്റപത്രം സമർപ്പിച്ചപ്പോള്‍ കൃത്യമായ വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ കോടതി മടക്കിയിരുന്നു.
പിന്നീട് രണ്ടാമത് തിരുത്തി സമർപ്പിച്ച കുറ്റപത്രമാണ് സ്വീകരിച്ചത്.
അതേസമയം, കേസില്‍ വനംവകുപ്പിന്റെ ആദ്യ കുറ്റപത്രം മടക്കിയ സംഭവത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് മെമ്മോ നല്‍കിയിരുന്നു. വനംവകുപ്പ് മന്ത്രി വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു നടപടി.
ഫയലുകള്‍ കോടതിയില്‍ എത്തിക്കുന്നതിലും നിർദേശങ്ങള്‍ കൃത്യമായി അറിയിക്കുന്നതിലും വീഴ്ചയുണ്ടായെന്നാണ് വകുപ്പുതല റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്.
അഞ്ച് വർഷവും ഏഴ് മാസത്തിനുശേഷമാണ് കേസില്‍ കൃത്യമായ കുറ്റപത്രം സമർപ്പിച്ചത്. ആദ്യ കുറ്റപത്രം സമർപ്പിച്ച ഘട്ടത്തില്‍ കോടതി അത് മടക്കുകയും ക്ലറിക്കല്‍ വീഴ്ചകളും കാലതാമസവും ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.






